HOME
DETAILS
MAL
ബ്രസീൽ രണ്ടടിച്ചാൽ ജർമനിയുടെ ആ 'ഏഴ് ഗോൾ' അഹങ്കാരം നാളെ തീരും? കാനറികളെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്
June 19, 2026 | 11:43 AM
ഫിലാഡൽഫിയ: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ കനത്ത പോരാട്ടത്തിന് അഞ്ചുതവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീൽ നാളെ ഇറങ്ങുന്നു. ഗ്രൂപ്പ് സി-യിലെ നിർണായക മത്സരത്തിൽ കരീബിയൻ കരുത്തരായ ഹെയ്തിയാണ് കാനറിപ്പടയുടെ എതിരാളികൾ. ഇന്ത്യൻ സമയം നാളെ രാവിലെ 6:00 മണിക്ക് (പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8:30) ഫിലാഡൽഫിയ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് 1-1 ന് സമനില വഴങ്ങിയ ബ്രസീലിന് ടൂർണമെന്റിൽ ശക്തമായി തിരിച്ചെത്താൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. മറുഭാഗത്ത് ആദ്യ മത്സരത്തിൽ സ്കോട്ലാൻഡിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ഹെയ്തിക്കും ലോകകപ്പിൽ നിലനിൽക്കാൻ ഈ മത്സരം നിർണായകമാണ്.
ജർമനിയെ താഴെയിറക്കാൻ കാനറികൾ; കാത്തിരിക്കുന്നത് വമ്പൻ ലോക റെക്കോർഡ്
കേവലം ഒരു വിജയത്തിനപ്പുറം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയൊരു റെക്കോർഡും നാളെ ബ്രസീലിനെ കാത്തിരിക്കുന്നുണ്ട്. ലോകകപ്പ് വേദിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീമെന്ന സിംഹാസനമാണ് ബ്രസീലിന്റെ ലക്ഷ്യം.
നിലവിൽ 239 ഗോളുകളുമായി ജർമനിയാണ് ഈ പട്ടികയിൽ ഒന്നാമത്. 238 ഗോളുകളുള്ള ബ്രസീൽ തൊട്ടുപിന്നിലുണ്ട്. നാളത്തെ മത്സരത്തിൽ ഹെയ്തിക്കെതിരെ രണ്ട് ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞാൽ ജർമനിയെ മറികടന്ന് ബ്രസീലിന് ലോക റെക്കോർഡിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം.
ടീം ആകെ ലോകകപ്പ് ഗോളുകൾ
- ജർമനി-239
- ബ്രസീൽ- 238
- അർജന്റീന- 152
- ഫ്രാൻസ്- 136
- ഇറ്റലി -128
2026 ലോകകപ്പ് ആരംഭിക്കുമ്പോൾ 232 ഗോളുകളുമായി ബ്രസീൽ തന്നെയായിരുന്നു മുന്നിൽ. എന്നാൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കുറാസാവോയെ എതിരില്ലാത്ത 7 ഗോളുകൾക്ക് തകർത്തുവിട്ടാണ് ജർമനി ഒന്നാം സ്ഥാനം പിടിച്ചടക്കിത്. 2014-ൽ ബ്രസീലിന്റെ നെഞ്ചകം തകർത്ത 7-1 ന്റെ വിജയത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ജർമനിയുടെ ഈ പ്രകടനം. എന്നാൽ ഈ ജർമൻ ആധിപത്യത്തിന് തങ്ങളുടെ തനത് ശൈലിയിൽ മറുപടി നൽകാനുറച്ചാണ് വിനീഷ്യസ് ജൂനിയറിന്റെ നേതൃത്വത്തിൽ കാനറിപ്പട നാളെ ബൂട്ട് കെട്ടുന്നത്. മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയത് വിനീഷ്യസ് ആയിരുന്നു.
52 വർഷത്തെ കാത്തിരിപ്പ്; അട്ടിമറി ലക്ഷ്യമിട്ട് ഹെയ്തി
മറുഭാഗത്ത്, ഫ്രഞ്ച് പരിശീലകൻ സെബാസ്റ്റ്യൻ മീനിയുടെ കീഴിലിറങ്ങുന്ന ഹെയ്തി നീണ്ട 52 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇത്തവണ ലോകകപ്പ് കളിക്കാനെത്തുന്നത്. 1974-ലായിരുന്നു ഹെയ്തി അവസാനമായി ലോകകപ്പ് കളിച്ചത്. സ്കോട്ലാൻഡിനോട് നിർഭാഗ്യം കൊണ്ട് മാത്രമാണ് അവർ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്. പ്രതിരോധക്കോട്ട കെട്ടി ബ്രസീലിനെ തളയ്ക്കാനും കൗണ്ടർ അറ്റാക്കുകളിലൂടെ അട്ടിമറി സൃഷ്ടിക്കാനും ഹെയ്തിക്ക് കഴിഞ്ഞേക്കുമെന്നതിനാൽ ബ്രസീലിന് മത്സരം അത്ര എളുപ്പമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."