തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി
തെഹ്‌റാന്‍: അറബ് മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് ഇസ്‌റാഈലിന്റെ ആഗ്രഹമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. ലെബനനില്‍ ആക്രമണം തുടരുന്ന ഇസ്‌റാഈല്‍ മുഴുവന്‍ മാനവരാശിക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ലെബനനില്‍ നാല് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനന്‍ കത്തിച്ച് ചാമ്പലാക്കുമെന്ന ഇസ്‌റാഈലി സുരക്ഷാ മന്ത്രി ബെന്‍ഗ്വറിന്റെ ഭീഷണിക്ക് പിന്നാലെയാണ് അരാഗ്ച്ചിയുടെ പ്രതികരണം.
' അയല്‍രാജ്യത്തോട് കടുത്ത അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്ന ഏതെങ്കിലുമൊരു വിഡ്ഢിയുടെ വിടുവായിത്തമായി ബെന്‍ഗ്വിറിന്റെ പ്രസ്താവനയെ കണക്കിലെടുക്കാനാവില്ല. മറിച്ച് അത് ഇസ്‌റാഈലിന്റെ തന്നെ നിലപാടാണ്. തെല്‍ അവീവ് കേന്ദ്രീകരിച്ചുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് തന്നെ ഭീഷണിയായിരിക്കുകയാണ്,' അബ്ബാസ് അരാഗ്ച്ചി എക്‌സില്‍ കുറിച്ചു.
ദക്ഷിണ ലെബനനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തിനിടെ നാല് ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ലെബനനില്‍ ശക്തമായ ആക്രമണം നടത്തുമെന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. തങ്ങളുടെ മക്കളുടെ ജീവനെടുത്തവരെ ഇസ്‌റാഈല്‍ വെറുതെവിടില്ലെന്നും, ലെബനാന്‍ വൈകാതെ കത്തിയെരിയുമെന്നുമായിരുന്നു ബെന്‍ഗ്വിര്‍ എക്‌സില്‍ കുറിച്ചത്. ഇസ്‌റാഈലിലെ ഓരോ അമ്മമാരുടെയും കണ്ണുനീരിന് പകരമായി ലെബനാനിലെ ആയിരം അമ്മമാരെ കരയിപ്പിക്കുമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
അതേസമയം ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 3912 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 11,873 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."