സഊദിയിൽ ബാങ്ക് ലോൺ പേരിൽ മലയാളി സംഘത്തിന്റെ തട്ടിപ്പ്, കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി
റിയാദ്: സഊദിയിൽ ഡിജിറ്റൽ ബാങ്ക് ലോൺ വഞ്ചനയിൽ കുടുങ്ങിയ മലയാളി പ്രവാസിക്ക് പണം നഷ്ടമായി. മലയാളികളുടെ സംഘം തന്നെ ഒരുക്കിയ കെണിയിൽ പെട്ടാണ് പണം നഷ്ടമായത്. 30,000 റിയാൽ ലോൺ കിട്ടുമെന്ന പ്രതീക്ഷയിൽ സകല വിവരങ്ങളും പിന്നീട് പണവും കൈമാറിയ ഇദ്ദേഹം ഇനി ഈ വൻതുക ഇഖാമയിൽ കയറുമോ തിരിച്ചടക്കേണ്ടി വരുമോ എന്ന വേവലാതിയിലാണ്. മലയാളികൾ തന്നെ ഒരുക്കിയ കെണിയിൽ വീണ പലരും പുറത്ത് പറയാൻ മടിക്കുന്നവരും ഉണ്ട്. സഊദിയിൽ നിന്നും ദുബായ്ൽ നിന്നുമുള്ള മലയാളി തട്ടിപ്പ് സംഘമാണ് ആളുകളെ വലയിലാക്കി പണം കവരുന്നത്
സഊദിയിൽ നിന്ന് ലോൺ ശരിയാക്കിത്തരാം എന്ന പേരിലാണ് സംഘം പ്രവാസികളെ വലയിലാക്കുന്നത്. സാലറിയിൽ നിന്ന് മാസം തോറും കുറഞ്ഞ പണമാണ് പിടിക്കുകയെന്നും ഭാരം അനുഭവപ്പെടാതെ തന്നെ നിശ്ചിത മാങ്ങങ്ങൾക്കുള്ളിലൊ വർഷങ്ങൾക്കുള്ളിലൊ പണം അടച്ചു തീർക്കാമെന്നും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേൾക്കുന്നതോടെ പലരും ഇവരുടെ കെണിയിൽ കുടുങ്ങും. പിന്നീട് സഊദിയിലെ ഏജന്റാണെന്നും ദുബൈയിലെ ഹെഡ് ഓഫീസിൽ നിന്നാണെന്നും പറഞ്ഞു പല വിധത്തിലുള്ള ഫോൺ കോളുകളും ചാറ്റുകളും വരുന്നതോടെ വിശ്വാസം പിടിച്ചു പറ്റി ഇഖാമ, പാസ്സ്പോർട്ട്, ഫോട്ടോ, ബാങ്ക് അകൗണ്ട് തുടങ്ങി വിവിധ രേഖകൾ കൈക്കലാക്കുകയും ചെയ്യും.
ലോൺ ശരിയാക്കുന്നതിന്റെ ഭാഗമായി എന്നോണം ഇതിനിടെ പല തവണ ഇവർ ബന്ധപ്പെടും. അവസാനം ലോൺ ശരിയായി എന്നും നിശ്ചിത ദിവസം അകൗണ്ടിലേക്ക് ട്രാൻസ്ഫർ ആകും എന്നും പറഞ്ഞു വിശ്വസിപ്പിക്കും. ലോൺ കിട്ടിയെന്ന ആശ്വാസത്തിൽ കഴിയുന്നയാൾക്ക് ഈ ആശ്വാസത്തിന് അൽപായുസ്സ് മാത്രമെ ഉണ്ടാകൂ. പ്രസ്തുത സമയം കഴിഞ്ഞിട്ടും അകൗണ്ടിൽ കയറാത്തതിനെ തുടർന്ന് ബന്ധപ്പെടുമ്പോഴാണ് അടുത്ത ചതിയുടെ ഘട്ടം ആരംഭിക്കുന്നത്.
അക്കൗണ്ട് നമ്പറിൽ ചെറിയ പ്രശ്‌നം ഉണ്ട് അത് ശരിയായാൽ ഉടൻ പണം കയറും അത് ശരിയാക്കാൻ അർജന്റ് ആയി 4,000 റിയാൽ വേണമെന്നുമായി ആവശ്യം. ഇല്ലെങ്കിൽ അബ്‌ഷീറിൽ കേസ് വരുമെന്നും പ്രശ്നം ആകുമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങൾ കേട്ടതോടെ മറ്റൊന്നും ആലോചിക്കാതെ ലോൺ ശരിയായ ആവേശത്താൽ പലരിൽ നിന്നായി പണം കൈമാറിയതോടെയാണ് ചതി മനസിലായത്. തുടർന്ന് വീണ്ടും മറ്റൊരു പ്രശ്നം ചൂണ്ടികാട്ടി വീണ്ടും പണം ആവശ്യപ്പട്ടു.
കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ആളുകളെ ലക്ഷ്യമാക്കിയാണ് തട്ടിപ്പ് സംഘം വിലസുന്നത്. ഇവരുടെ നമ്പറുകളിൽ തിരിച്ചു വിളിച്ചാൽ കിട്ടുകയുമില്ല. ഇങ്ങോട്ട് വിളിക്കുന്ന സമയം ഇക്കാര്യം ചോദിച്ചാൽ, പല കോളുകളും വരുന്നത് മൂലമെന്നോ ടെക്നിക്കൽ പ്രശ്നം ആകുമെന്നോ ആയിരിക്കുമെന്നായിരുന്നു ഉത്തരം. തട്ടിപ്പിനിരയായ പ്രവാസി മലയാളി ഇക്കാര്യം കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സമാനമായ ചതിയിൽ പല പ്രവാസികളും ഉൾപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."