യുവാക്കളിൽ ഹൃദയരോഗങ്ങൾ വർധിക്കുന്നോ? കായിക വിനോദങ്ങൾക്കിടയിലെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ
ദുബൈ: ശാരീരികക്ഷമതയും കുറഞ്ഞ പ്രായവും എപ്പോഴും നല്ല ഹൃദയാരോഗ്യത്തിന്റെ സൂചനകളല്ലെന്നും നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുതെന്നും ഹൃദ്രോഗ വിദഗ്ദ്ധർ. യുഎഇയിൽ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനിടെ നാല് ദിവസത്തെ വ്യത്യാസത്തിൽ രണ്ട് പ്രവാസികൾ കുഴഞ്ഞുവീണ് മരിച്ച പശ്ചാത്തലത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
ജൂൺ 14-ന് ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 38 കാരനും, ജൂൺ 17-ന് അജ്മാനിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ 42 കാരനുമാണ് മരിച്ചത്. സജീവമായ ജീവിതശൈലി നയിക്കുന്നവർക്ക് പോലും തിരിച്ചറിയപ്പെടാത്ത ഹൃദ്രോഗങ്ങൾ ഉണ്ടാകാമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും ഓഫീസുകളിലും മറ്റും ഇരുന്ന് ജോലി ചെയ്യുകയും, വാരാന്ത്യങ്ങളിൽ പെട്ടെന്ന് ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കഠിനമായ കായിക വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെയാണ് ഡോക്ടർമാർ 'വാരാന്ത്യ അത്ലറ്റുകൾ' എന്ന് വിളിക്കുന്നത്.
പതിവായി വ്യായാമം ചെയ്യാതെ പെട്ടെന്ന് ഒരു ദിവസം കഠിനമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നത് ഹൃദയത്തിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അബുദബി ബുർജീൽ ആശുപത്രിയിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ. ഹർബ് അബുബറാക്ക പറയുന്നു. ഇത് ഹൃദയാഘാതത്തിനും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമായേക്കാം. പുകവലിക്കുന്നവർ, പ്രമേഹം, അമിത കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പാരമ്പര്യമായി ഹൃദ്രോഗമുള്ളവർ എന്നിവരിൽ ഈ സാധ്യത വളരെ കൂടുതലാണ്.
ഒരിക്കലും അവഗണിക്കരുത് ഈ 7 മുന്നറിയിപ്പ് സൂചനകൾ
ലളിതമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു:
1. നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത: വ്യായാമം ചെയ്യുമ്പോൾ നെഞ്ചിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതയോ മർദ്ദമോ പോലും ഗൗരവമായി കാണണം.
2. അസാധാരണമായ ശ്വാസംമുട്ടൽ: കളിയിലോ വ്യായാമത്തിലോ ഏർപ്പെടുമ്പോൾ കപ്പാസിറ്റിയിൽ കൂടുതൽ അമിതമായ ശ്വാസതടസ്സം അനുഭവപ്പെടുക.
3. തലകറക്കവും ബോധക്ഷയവും: കഠിനമായ വ്യായാമത്തിനിടയിൽ പെട്ടെന്നുണ്ടാകുന്ന തലകറക്കമോ ക്ഷീണമോ അവഗണിക്കരുത്.
4. അസാധാരണമായ ഹൃദയമിടിപ്പ്: ഹൃദയം വളരെ വേഗത്തിൽ മിടിക്കുകയോ ക്രമരഹിതമായി മിടിക്കുകയോ ചെയ്യുന്നത് ഹൃദയതാളത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു.
5. കളിക്ക് ശേഷം കടുത്ത ക്ഷീണം: കായിക വിനോദങ്ങൾക്ക് ശേഷം അമിതമായ ക്ഷീണം തോന്നുന്നതും ശരീരം പഴയ പടിയാകാൻ കൂടുതൽ സമയമെടുക്കുന്നതും ഹൃദയം സമ്മർദ്ദത്തിലാണെന്നതിന്റെ ലക്ഷണമാണ്.
6. പാരമ്പര്യം: കുടുംബത്തിൽ ചെറുപ്പകാലത്ത് ആർക്കെങ്കിലും പെട്ടെന്ന് ഹൃദയാഘാതമോ മരണമോ സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ജാഗ്രത വേണം.
7. ഫിറ്റ്‌നസ് തെറ്റിദ്ധാരണകൾ: കളിക്കുന്നത് കൊണ്ട് മാത്രം ഹൃദയം പൂർണ്ണ ആരോഗ്യവാനാണെന്ന് സ്വയം വിലയിരുത്തരുത്.
ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നല്ല
ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതം. ഈ സമയത്ത് നെഞ്ചുവേദന, വിയർപ്പ്, ശ്വാസതടസ്സം എന്നിവ ഉണ്ടാകുമെങ്കിലും ഹൃദയമിടിപ്പ് നിലയ്ക്കില്ല. എന്നാൽ ഹൃദയത്തിന്റെ വൈദ്യുത സംവിധാന തകരാറ് മൂലം പെട്ടെന്ന് മിടിപ്പ് നിൽക്കുന്നതാണ് ഹൃദയസ്തംഭനം. ഇതിൽ വ്യക്തി ബോധരഹിതനാവുകയും ഉടനടി സിപിആർ (CPR) നൽകിയില്ലെങ്കിൽ മിനിറ്റുകൾക്കകം മരണം സംഭവിക്കുകയും ചെയ്യും.
അൽ ഖുസൈസ് ആസ്റ്റർ ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോതൊറാസിക് സർജൻ ഡോ. ഷിപ്ര ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ, യുഎഇയിലെ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണം (Dehydration) ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ഹൃദയത്തിന്റെ ജോലിഭാരം ഇരട്ടിയാക്കുന്നു. അതിനാൽ കടുത്ത ചൂടുള്ള സമയങ്ങളിൽ ഔട്ട്ഡോർ കളികൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
പരിഹാരം വ്യായാമം നിർത്തലല്ല, പരിശോധനയാണ്
കളി പൂർണ്ണമായും നിർത്തുകയല്ല വേണ്ടത്, മറിച്ച് ആഴ്ചയിലുടനീളം ലഘുവായ വ്യായാമങ്ങൾ പതിവാക്കുകയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് 35 വയസ്സ് കഴിഞ്ഞവർ കഠിനമായ കായിക വിനോദങ്ങളിലേക്ക് ഇറങ്ങുന്നതിന് മുൻപ് ഇസിജി (ECG), ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, ഷുഗർ പരിശോധനകൾ എന്നിവ നടത്തി ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
UAE doctors have expressed concern over a rise in sudden deaths during sports and recreational activities, warning that undiagnosed heart conditions may be putting more young people at risk of cardiac events.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."