ഗള്‍ഫ് ഉച്ചകോടിക്കായി മാര്‍ക്കോ റൂബിയോ ബഹ്‌റൈനില്‍
മാനാമ: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി)അമേരിക്ക മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും തന്ത്രപ്രധാനമായ പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാദേശിക സമാധാന ശ്രമങ്ങള്‍ക്ക് ബഹ്‌റൈന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തെ സ്വാഗതം ചെയ്ത ബഹ്‌റൈന്‍, ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് സുസ്ഥിരമായ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി. അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുക, തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നിവ ഇറാനുമായുള്ള ഏത് കരാറിലും അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ചകളിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു.
നേരത്തെ, അബുദാബിയിലെത്തിയ മാര്‍ക്കോ റൂബിയോ യു.എ.ഇ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കുവൈത്തിലെത്തിയ അദ്ദേഹം അവിടുത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചട്ടക്കൂട്, ഇറാനിലെ ബാലിസ്റ്റിക് മിസൈല്‍ പരിപാടികള്‍, ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി.
English Summary: The Kingdom of Bahrain welcomed United States Secretary of State Marco Rubio on an official visit to the capital as part of a wider regional tour, with the top American diplomat attending the GCC–U.S. Ministerial Meeting hosted by Bahrain
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."