ഹേയ് കുറസാവോ..., നിങ്ങൾ തോറ്റിട്ടില്ല, മടങ്ങുന്നത് മനം കവർന്ന് !
ഫിലാഡൽഫിയ: അവരുടേത് ഒരു വിടവാങ്ങലല്ല, കാൽപന്തിന്റെ വൻകരകളിലേക്ക് തങ്ങളുടെ വിലാസം എഴുതിച്ചേർത്ത സുന്ദരമായൊരു വസന്തത്തിന്റെ തുടക്കമാണ്. ഫിഫ ലോകകപ്പിന്റെ വലിയ വേദിയിൽ വമ്പൻമാരുടെ സിംഹാസനങ്ങൾക്കിടയിലേക്ക് നെഞ്ചുവിരിച്ചു കയറിവന്ന കുറസാവോ എന്ന കുഞ്ഞുരാജ്യം ഒടുവിൽ നോക്കൗട്ട് കാണാതെ പുറത്തായിരിക്കുന്നു. അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഐവറി കോസ്റ്റിന്റെ കരുത്തിനു മുന്നിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടങ്ങിയെങ്കിലും, തലയുയർത്തിപ്പിടിച്ചാണ് ഡിക് അഡ്വക്കേറ്റും അദ്ദേഹത്തിന്റെ നീലപ്പടയും മെറ്റ്‌ലൈഫിന്റെയും ഫിലാഡൽഫിയയുടെയും പുൽമൈതാനങ്ങളോട് വിടപറയുന്നത്.
തോറ്റു മടങ്ങുമ്പോഴും അവരുടെ കണ്ണുകളിൽ കണ്ണീരില്ല, പകരം ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിൽ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ അഭിമാനത്തിളക്കമുണ്ട്.
ജർമൻ കോട്ടയെ നടുക്കിയ ആ മിന്നൽപ്പിണർ !
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു കരീബിയൻ കൊച്ചുദ്വീപ് ബൂട്ടുുകെട്ടി ഇറങ്ങുമ്പോൾ ഭൂരിഭാഗം പേരും അവരെ എഴുതിത്തള്ളിയിരുന്നു. കളിയിലെ വമ്പൻമാരായ ജർമനിയോടായിരുന്നു അവരുടെ ആദ്യ അങ്കം. ആ മത്സരത്തിൽ 7-1 എന്ന ഭീമമായ തോൽവി വഴങ്ങേണ്ടി വന്നെങ്കിലും, കളിയിലെ ഏറ്റവും മനോഹരമായ നിമിഷം കുറസാവോയുടെ കാൽപ്പാടുകളിൽ നിന്നായിരുന്നു പിറന്നത്.
മാനുവൽ ന്യൂയർ എന്ന വിശ്വവിഖ്യാത ഗോളിയെ സാക്ഷിനിർത്തി 21ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയ ജർമൻ വല കുലുക്കിയപ്പോൾ പിറന്നത് കുറസാവോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ഗോൾ മാത്രമായിരുന്നില്ല; മറിച്ച് ഈ ലോകകപ്പിലെ തന്നെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. വൻമരങ്ങൾക്കിടയിലും തങ്ങൾക്ക് പൂക്കാൻ കഴിയുമെന്ന് ആ 21 കാരൻ ലോകത്തിന് കാണിച്ചുകൊടുത്തു.
ഇക്വഡോറിനെ തളച്ച 'റൂം' മാന്ത്രികത!
ജർമനിക്കെതിരായ വലിയ തകർച്ചയ്ക്ക് ശേഷം കുറസാവോ തകർന്നടിയുമെന്ന് കരുതിയവർക്ക് തെറ്റി. രണ്ടാം മത്സരത്തിൽ ശക്തരായ ഇക്വഡോറിനെതിരേ അവർ കാത്തുവെച്ചത് പോരാട്ടവീര്യത്തിന്റെ മറ്റൊരു പാഠമായിരുന്നു. ഒന്നിനു പുറകെ ഒന്നായി ഇരച്ചുവന്ന ഇക്വഡോർ മുന്നേറ്റങ്ങളെ കുറസാവോയുടെ 37കാരൻ ഗോൾകീപ്പർ എലോയ് റൂം ഒറ്റയ്ക്ക് തടഞ്ഞുനിർത്തി.
മത്സരത്തിൽ അവിശ്വസനീയമായ 15 സേവുകളുമായി റൂം കോട്ടകെട്ടിയപ്പോൾ ഇക്വഡോർ ഗോൾരഹിത സമനിലയിൽ തളക്കപ്പെട്ടു. ആ മത്സരത്തിലൂടെ കുറസാവോ തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി. കളി കാണാനെത്തിയ ഡച്ച് രാജകുടുംബാംഗങ്ങളെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട് ഡ്രെസ്സിങ് റൂമിൽ അവർ നടത്തിയ ആഘോഷം ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു.
പ്രണയം ബാക്കിവെച്ച് ഒരു മടക്കം
ഐവറി കോസ്റ്റിനെതിരേ ജയിച്ചാൽ നോക്കൗട്ട് എന്ന വലിയ സ്വപ്നവുമായാണ് തഹിത് ചോങ്ങിന്റെ നേതൃത്വത്തിൽ അവർ അവസാന പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ നിക്കോളാസ് പെപ്പെയുടെ ഇരട്ട പ്രഹരങ്ങൾ ആ സ്വപ്നങ്ങളെ തകിടം മറിച്ചു. എങ്കിലും, അവസാന വിസിൽ മുഴങ്ങുന്നതുവരെ ആഫ്രിക്കൻ കരുത്തരോട് അവർ പൊരുതി നോക്കി.
വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള, ലോകഭൂപടത്തിൽ ഒരു കുഞ്ഞു ബിന്ദു മാത്രമായ കുറസാവോ ഈ ലോകകപ്പിൽ കളിച്ചത് കേവലം മത്സരങ്ങളായിരുന്നില്ല; മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അവർ പുറത്തായിരിക്കാം, പക്ഷേ ഫുട്‌ബോൾ ഉള്ളിടത്തോളം കാലം ഈ 2026 ലോകകപ്പ് കുറാസാവോ എന്ന കരീബിയൻ വിസ്മയത്തിന്റെ പേരിൽക്കൂടി ഓർമിക്കപ്പെടും.
നീലക്കുപ്പായക്കാർ മടങ്ങുകയാണ്, കളിക്കളങ്ങളിൽ പ്രണയത്തിന്റെ വലിയൊരു സിംഫണി ബാക്കിവെച്ചുകൊണ്ട്!
Not Tears But Footballs Poetic Justice Leaving a Symphony Behind the Caribbean Breeze Departs Farewell Curacao
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."