ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം
പത്തനംതിട്ട: ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ യുവാവ് നിഗൂഢ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പൊലിസ് അന്വേഷണം ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംശയമുള്ള രണ്ട് പേരെ പൊലിസ് നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച യുവാവുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ ബന്ധുക്കളാണ് ഇവരെന്ന് സൂചനയുണ്ട്. ചിറ്റാര്‍ സ്വദേശിയായ സന്ദീപ് എന്ന യുവാവിനെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വീടിനടുത്തുള്ള ഒരു കുഴിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താനുമായി സ്‌നേഹത്തിലായിരുന്ന യുവതിയെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണെന്ന് പറഞ്ഞാണ് സന്ദീപ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് യുവാവിനെ ക്രൂരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്ദീപിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് സദാനന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ വീട്ടുകാര്‍ മകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ പരാതി. ഈ ആരോപണം കൂടി കണക്കിലെടുത്താണ് പൊലിസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
അതിനിടെ, സംഭവത്തിന് പിന്നാലെ സന്ദീപുമായി അടുപ്പത്തിലായിരുന്ന വിവാഹിതയായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതായും വിവരമുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്ന പൊലീസ്, പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്ന ശേഷമേ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കുകയുള്ളൂ. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ കൂടി ലഭിക്കുന്നതോടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Police have detained two relatives of a woman for questioning following the mysterious death of a 35-year-old youth, Sandeep, who went to meet her in Chittar and was later found critically injured near his house.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."