രാമക്ഷേത്ര സംഭാവന തട്ടിപ്പ്: "ആകാശം ഇടിഞ്ഞുവീഴില്ലല്ലോ", സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ അടിയന്തരമായി വാദം കേൾക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. സംഭാവനകളിൽ വൻതോതിൽ ധനതിരിമറി നടന്നുവെന്നാരോപിച്ച് സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് കോടതി നിരസിച്ചത്. വേനൽ അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
"ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ, ഇതിൽ എന്താണ് ഇത്രയും അടിയന്തര സാഹചര്യം?" എന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചത്. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഈ നടപടി.
ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഹരജിയിലെ ആരോപണം. നിലവിലെ അന്വേഷണത്തിന് പകരം സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണം. ആരോപണങ്ങളിൽ കൃത്യമായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം.
ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ഒഴിവാക്കാൻ കേന്ദ്ര-ഉത്തർപ്രദേശ് സർക്കാരുകളുടെയും ട്രസ്റ്റിന്റെയും മേൽനോട്ടത്തിൽ ശക്തമായ ഓഡിറ്റ് സംവിധാനം രൂപീകരിക്കണം എന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
കോടിക്കണക്കിന് ഭക്തരുടെയും സംഭാവന നൽകിയവരുടെയും വിശ്വാസം സംരക്ഷിക്കാൻ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഉത്തർപ്രദേശ് സർക്കാർ നിലവിൽ രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണസംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെയാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ഈ സമിതിയേക്കാൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് പരിചയമുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് കൂടുതൽ വിശ്വാസ്യത നൽകുകയെന്നും ഹരജിക്കാർ വാദിച്ചു.
രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന്, ക്ഷേത്ര ട്രസ്റ്റിന്റെ തന്നെ അഭ്യർഥന പ്രകാരമാണ് ജൂൺ 13-ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് ഈ പ്രത്യേക അന്വേഷണസംഘത്തിലെ (SIT) അംഗങ്ങൾ. ഈ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാർ സുപ്രിം കോടതിയെ സമീപിച്ചത്.
The Supreme Court of India refused to urgently hear a petition demanding a time-bound investigation into an alleged scam regarding donations for the Ram Temple. While declining the request for an immediate hearing, the court remarked, "the sky won't fall" if the matter is taken up in its normal course.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."