ട്രക്കിങ്ങിനിടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി സിയഗോയല്‍ കേതന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ വാങ്ങി കാമുകന് നല്‍കിയതായി കണ്ടെത്തല്‍
പൂനെ: മഹാരാഷ്ട്രയിലെ ലോഹ്ഗഡ് കോട്ടയില്‍ ട്രക്കിങ്ങിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തുന്നതിന് മുന്‍പായി പ്രതിശ്രുത വധു സിയ ഗോയല്‍ വിവാഹ ഷോപ്പിങ്ങിനെന്ന പേരില്‍ ഒരു കോടി രൂപ വാങ്ങിയിരുന്നതായി പൊലിസ് വെളിപ്പെടുത്തി. ഈ തുക സിയ തന്റെ കാമുകനായ ചേതന്‍ ചൗധരിക്ക് കൈമാറിയെന്നും പൊലിസ് കണ്ടെത്തി.
നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കുന്നതിനായി സിയയും, കാമുകന്‍ ചേതനും ചേര്‍ന്നാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷമുള്ള ജീവിതം ആസൂത്രണം ചെയ്യുന്നതിനായാണ് സിയ കേതനില്‍ നിന്ന് തുക കൈപ്പറ്റിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസില്‍ സിയയെയും, കാമുകന്‍ ചേതനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യലിനിടെ കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ചേതനാണെന്ന് സിയ മൊഴിനൽകി. എന്നാൽ സിയയുടെ നിർബന്ധപ്രകാരമാണ് താൻ കൊലപാതകം നടത്തിയതെന്നായിരുന്നു ചേതന്റെ വിശദീകരണം.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ആസൂത്രണം തന്റേതായിരുന്നെന്ന് സിയ സമ്മതിച്ചതായാണ് റിപ്പോർട്ട്. ചേതനും പദ്ധതിയിൽ പങ്കാളിയായിരുന്നുവെന്നും സിയ മൊഴിനൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ അന്വേഷണത്തിൽ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രക സിയയാണെന്നാണ് പൊലിസ് വിലയിരുത്തൽ.
ഫെബ്രുവരിയിലായിരുന്നു കേതൻ അഗർവാളും സിയ ഗോയലും തമ്മിലുള്ള വിവാഹനിശ്ചയം. ഈ വർഷം അവസാനം വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ വിവാഹത്തിൽ താൽപര്യമില്ലെന്ന് സിയ കേതനോട് അറിയിച്ചിരുന്നെങ്കിലും വിവാഹനിശ്ചയം റദ്ദാക്കാൻ കേതൻ തയ്യാറായിരുന്നില്ലെന്നാണ് സിയയുടെ മൊഴിയെന്ന് റിപ്പോർട്ടുകളുണ്ട്.
ഇതിനെ തുടർന്നാണ് കാമുകൻ ചേതൻ ചൗധരിയുമായി ചേർന്ന് കേതനെ കൊലപ്പെടുത്താൻ സിയ പദ്ധതിയിട്ടതെന്നാണ് പൊലിസ് പറയുന്നത്. ജൂൺ 18-ന് മഹാരാഷ്ട്രയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ അഗർവാളിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
investigators found that siya goyal took 1 crore from chetan and gave it to her boyfriend new update in pune trekking case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."