ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനം; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടല്‍ അടച്ചുപൂട്ടി
കോഴിക്കോട്: കൊയിലാണ്ടിയിലെ നന്തിക്ക് സമീപം പ്രവര്‍ത്തിച്ചുവരുന്ന ഉസ്താദ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓരോ ഭക്ഷ്യസ്ഥാപനവും നിര്‍ബന്ധമായും പാലിക്കേണ്ട ശുചിത്വസുരക്ഷാ മാനദണ്ഡങ്ങള്‍ സ്ഥാപനത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധനയില്‍ പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍ യഥാസമയം ശുചീകരിച്ചിരുന്നില്ലെന്ന് കണ്ടെത്തി. പാത്രം കഴുകുന്നതിനുള്ള മതിയായ സൗകര്യങ്ങളും സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ല. ഭക്ഷണം തയ്യാറാക്കുന്ന ഭാഗത്തെ പൊതുവായ ശുചിത്വവും തൃപ്തികരമല്ലായിരുന്നുവെന്നും പരിശോധനാ സംഘം വ്യക്തമാക്കി.
കൂടാതെ, ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയിലായിരുന്നു തയ്യാറാക്കിയിരുന്നത്. പാചകം നടന്നിരുന്ന സാഹചര്യം അതീവ വൃത്തിഹീനമായിരുന്നുവെന്നും ഈച്ചശല്യം രൂക്ഷമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും അവഗണിച്ചാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പരിശോധനാ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സിന്തറ്റിക് ഫുഡ് കളര്‍ ഭക്ഷണത്തില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരേ നേരത്തേ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവ നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും അധികൃതര്‍ അറിയിച്ചു. ആ കേസുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയത്.
മുന്‍പ് നിയമനടപടികള്‍ സ്വീകരിച്ചിട്ടും സ്ഥാപനം പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തനം തുടര്‍ന്ന സാഹചര്യത്തിലാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ വരും ദിവസങ്ങളിലും പരിശോധനയും കര്‍ശന നടപടിയും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Ustad Hotel, operating near Nandi in Koyilandy, was shut down by the Food Safety Department. The action was taken after serious food safety violations were found at the hotel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."