യുഎഇയിൽ ഇനി ട്രെയിൻ യുഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ
അബുദാബി: യുഎഇയുടെ നയതന്ത്ര-സാമ്പത്തിക വികസന ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി രേഖപ്പെടുത്തിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ ദേശീയ പാസഞ്ചർ റെയിൽ സർവീസ് വിജയകരമായി പ്രയാണം ആരംഭിച്ചു. ഫുജൈറയിൽ നിന്ന് അബുദബിയിലേക്കുള്ള ഈ ചരിത്രപരമായ ആദ്യ സർവീസിലെ ഒന്നാമത്തെ കോച്ചിലെ ഒന്നാം നമ്പർ സീറ്റിലിരുന്ന് യാത്ര നയിച്ചത് ഹമദ് മൻസൂർ അൽബ്ലൂഷി എന്ന ഇമാറാത്തി യുവാവാണ്.
സാമൂഹിക-മാനുഷിക പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തം മുൻനിർത്തി ഇത്തിഹാദ് റെയിൽ നടത്തിയ രാജ്യവ്യാപക കാമ്പെയ്‌നിലൂടെയാണ് 'രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ആദ്യ യാത്രക്കാരനായി' ഹമദ് മൻസൂറിനെ തിരഞ്ഞെടുത്തത്. ഇന്ന് ചൊവ്വാഴ്ച രാവിലെ 5:34-നാണ് ഫുജൈറയിൽ നിന്നും ആദ്യ ട്രെയിൻ പുറപ്പെട്ടത്.
ഇത് കോടിക്കണക്കിന് യാത്രകളുടെ തുടക്കം
എമിറേറ്റ്സ് റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളിൽ സന്നദ്ധപ്രവർത്തകനായ ഹമദ്, ഈ യാത്ര ഒരു വ്യക്തിഗത അനുഭവത്തേക്കാൾ രാജ്യത്തിന്റെ വികസനക്കുതിപ്പിന്റെ പ്രതീകമാണെന്ന് പറഞ്ഞു.
"ഒന്നാം കോച്ചിലെ ഒന്നാം സീറ്റിൽ ഇരിക്കാൻ കഴിഞ്ഞത് വാക്കുകൾക്ക് അതീതമായ ബഹുമതിയാണ്. ഇത് എന്റെ മാത്രം യാത്രയല്ല, വരാനിരിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ യാത്രകളുടെ തുടക്കമാണ്. എന്റെ രാജ്യത്തിന്റെ ഭാവിയിൽ വിശ്വസിക്കുന്ന എല്ലാവരെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്." ഹമദ് മൻസൂർ അൽബ്ലൂഷി പറഞ്ഞു.
വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളും അതീവ ശാന്തവുമായ അന്തരീക്ഷവുമാണ് ട്രെയിൻ നൽകുന്നതെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തി. കുട്ടികളുമായി സമ്മർദ്ദമില്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞതിൽ കുടുംബങ്ങളും, യാത്രയ്ക്കിടയിൽ കൃത്യമായി ജോലി ചെയ്യാനും മീറ്റിംഗുകൾക്ക് തയ്യാറെടുക്കാനും സാധിച്ചതിൽ ബിസിനസ്സ് യാത്രക്കാരും വലിയ സംതൃപ്തി പ്രകടിപ്പിച്ചു.
ആദ്യ ദിനത്തിൽ ഫുജൈറയ്ക്കും അബുദബിക്കും ഇടയിൽ ആറ് സർവീസുകളാണ് എത്തിഹാദ് റെയിൽ വിജയകരമായി പൂർത്തിയാക്കിയത്. സർവീസ് ആരംഭിച്ചയുടൻ തന്നെ 10,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
The UAE has officially entered the passenger rail era as Hamad Mansoor led Etihad Rail's inaugural journey, marking a major milestone in sustainable transport and nationwide connectivity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."