ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം
തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ടമായ ഭവന സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. ഈ മാസം 30 വരെ നീണ്ടുനില്‍ക്കുന്ന ഒന്നാം ഘട്ടത്തില്‍, വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ലക്ഷ്യമിടുന്നത്.
പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യൂമറേഷന്‍' സമയപരിധി ഇന്നലെയോടെ അവസാനിച്ചിരുന്നു. ഇന്ന് മുതല്‍ എന്യൂമറേറ്റര്‍മാര്‍ നേരിട്ട് വീടുകളിലെത്തി 33 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയിലൂടെ വിവരങ്ങള്‍ ശേഖരിക്കും. വീടുകളുടെ അവസ്ഥ, കുടിവെള്ളം, വൈദ്യുതി, മറ്റ് ആസ്തികള്‍ എന്നിവയാണ് പ്രധാനമായും വിലയിരുത്തുക.
സംസ്ഥാനത്തുടനീളം കുറ്റമറ്റ രീതിയില്‍ വിവരശേഖരണം നടത്തുന്നതിനായി 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സെന്‍സസിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.
അതേസമയം, സെന്‍സസ് ഡ്യൂട്ടിയിലുള്ള അധ്യാപകരുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയില്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം അധ്യാപകര്‍ വീടുകള്‍ കയറിയുള്ള വിവരശേഖരണം നടത്തിയാല്‍ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. ജൂലൈ മാസത്തിലെ 8 അവധി ദിവസങ്ങള്‍ ഇതിനായി വിനിയോഗിക്കാം.
ഇങ്ങനെ ജോലി ചെയ്യുന്ന ദിവസങ്ങള്‍ക്ക് പകരമായി ഒക്ടോബര്‍ 31നകം പ്രഥമാധ്യാപകരുടെ അനുമതിയോടെ അധ്യാപകര്‍ക്ക് മറ്റ് പ്രവൃത്തിദിനങ്ങളില്‍ അവധിയെടുക്കാവുന്നതാണ്. സംസ്ഥാനത്തെ അറുപതിനായിരത്തോളം സ്‌കൂള്‍ അധ്യാപകരെയാണ് ഈ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. സ്‌കൂള്‍ സമയത്തിന് ശേഷം വൈകുന്നേരങ്ങളില്‍ ജോലി ചെയ്യണമെന്ന മുന്‍ നിര്‍ദേശത്തിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ പുതിയ ക്രമീകരണം.
The first phase of the national house listing census begins today in Kerala, with the government arranging for around 60,000 school teachers on duty to conduct door-to-door enumeration only on weekends to avoid disrupting classes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."