പൊലിസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്: കർശന നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി ഡിജിപിയുടെ ഉത്തരവ്. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡ്യൂട്ടിക്കല്ലാതെ, ഒരു കാരണവശാലും യൂണിഫോമിൽ ഇത്തരം പരിപാടികളുടെ ഭാഗമാകരുതെന്ന് കാണിച്ച് ഡിജിപി പ്രത്യേക സർക്കുലർ പുറത്തിറക്കി.
പൊലിസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിൽ സംബന്ധിക്കുന്നതിനെതിരെ വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.
സമീപകാലത്തായി ചില പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ റീൽസ് രൂപത്തിലാക്കി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സേനയുടെ നിഷ്പക്ഷതയെയും അച്ചടക്കത്തെയും ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആഭ്യന്തര വകുപ്പ് ഇടപെട്ടത്.
സർക്കുലറിലെ പ്രധാന നിർദേശങ്ങൾ
ക്രമസമാധാന പാലനം, സുരക്ഷാ ചുമതലകൾ എന്നിവയ്ക്കല്ലാതെ വ്യക്തിപരമായ താല്പര്യത്തോടെ മതചടങ്ങുകളിലോ ആഘോഷങ്ങളിലോ യൂണിഫോം ധരിച്ച് പങ്കെടുക്കാൻ പാടില്ല.
സിവിൽ പൊലിസ് ഓഫീസർമാർ മുതൽ സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വരെ ഈ നിർദേശം ഒരുപോലെ ബാധകമായിരിക്കും.
നിർദേശം ലംഘിച്ച് ഔദ്യോഗിക വേഷത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
The Director General of Police (DGP) has issued a strict directive stating that police personnel must not participate in religious functions, rituals, or celebrations while wearing their official uniform. This instruction aims to maintain the secular character and impartiality of the police force.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."