'അയോധ്യ ഭൂമി ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണം; കൊള്ള നടത്തിയവര്‍ക്ക് ട്രസ്റ്റ് എല്ലാ സഹായവും നല്‍കി'; ബി.ജെ.പിക്കെതിരേ കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: അയോധ്യ ഭൂമി ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സി. വേണുഗോപാല്‍. വിഷയത്തില്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും മൗനം പാലിക്കുകയാണെന്നും, കുറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് സര്‍ക്കാര്‍ നിയമിച്ച ട്രസ്റ്റ് ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് കൊള്ള നടത്തിയവര്‍ക്ക് ട്രസ്റ്റ് എല്ലാ സഹായവും നല്‍കിയെന്നും, സാധാരണ ജീവനക്കാരെ മാത്രം പ്രതിചേര്‍ത്ത് യഥാര്‍ഥ ഉത്തരവാദികളെ സംരക്ഷിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇത്ര വലിയ തട്ടിപ്പ് ഏതാനും ജീവനക്കാര്‍ക്ക് മാത്രം നടത്താന്‍ കഴിയുന്നതല്ലെന്നും, ഇതിന് പിന്നിലെ പ്രധാനികളെ സംരക്ഷിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരുമെന്നും അദ്ദേഹം ആരോപിച്ചു. എപ്പോഴും രാമഭക്തിയെക്കുറിച്ച് സംസാരിക്കുന്നവരാണ് ഈ കൊള്ള നടത്തിയതെന്നും, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
അയോധ്യ ഭൂമി ഇടപാടില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും, വിശ്വാസികള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയില്ലെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.
വിഷയം പാര്‍ലമെന്റിലും കോണ്‍ഗ്രസ് ഉന്നയിക്കുമെന്നും, അയോധ്യ തട്ടിപ്പ് കോണ്‍ഗ്രസ് വിട്ടുകളയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെ കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. സൈനികരുടെ വീരമൃത്യു സംബന്ധിച്ച് പാര്‍ലമെന്റിനെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചുവെന്നും, ഒരാള്‍ക്കും പരുക്കേറ്റില്ലെന്നാണ് കേന്ദ്രം അറിയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സി.ബി.എസ്.ഇ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാമെന്ന് സി.ബി.എസ്.ഇ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ, എന്‍.ടി.എ ചെയര്‍മാന്‍മാരുമായി യോഗം ചേര്‍ന്നെന്നും, വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം തേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം കരാറും അദാനി ഓഹരി വിവാദവും സംബന്ധിച്ചും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് അദാനിയാണെന്നും, കേരള സര്‍ക്കാരിനെ അറിയിക്കാതെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അദാനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില്‍ അദാനി സൂപ്പര്‍ പവര്‍ അല്ല' എന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പേര് പരാമര്‍ശിച്ചതിനെക്കുറിച്ചും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. 'എന്റെ പേര് മറന്നില്ലല്ലോ, ഓര്‍ക്കുന്നുണ്ടല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Congress leader and MP K.C. Venugopal alleged that the Ayodhya land deal is the biggest temple scam the country has ever seen. He also alleged that the BJP and the Central government are maintaining silence on the issue and are taking a stance of protecting the culprits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."