രണ്ട് ഭാര്യമാരെയും കുഞ്ഞിനെയും വധിച്ച കേസ്: 37 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് മോചനം
ബംഗളൂരു: രണ്ട് ഭാര്യമാരെയും സ്വന്തം കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ 37 വര്‍ഷത്തോളം അഴിക്കുള്ളില്‍ കഴിഞ്ഞ സായ്ബന്ന നിംഗപ്പ നാടികര്‍ (72) ഒടുവില്‍ ജയില്‍ മോചിതനായി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാള്‍.
ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് 37 വര്‍ഷങ്ങള്‍ക്ക് ശേഷം സായ്ബന്ന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. തടവുകാരുടെ നല്ലനടപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് മോചിപ്പിച്ച 24 പേരില്‍ ഒരാളാണ് കലബുറഗി ജില്ലക്കാരനായ സായ്ബന്ന.
സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സായ്ബന്നയെ ക്രൂരമായ കൊലപാതകങ്ങളിലേക്ക് നയിച്ചത്. 1988ല്‍ തന്റെ ആദ്യ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഇയാള്‍ അവരെ കൊലപ്പെടുത്തി. ഈ കേസില്‍ പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹം കഴിച്ചു. എന്നാല്‍ രണ്ടാം ഭാര്യയെയും ഇയാള്‍ സംശയിച്ചിരുന്നു. ഇതിനിടയില്‍ സായ്ബന്ന ജയിലില്‍ കഴിയുമ്പോള്‍ രണ്ടാം ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
പിന്നീട് 1994ല്‍ പരോളിലിറങ്ങിയ സായ്ബന്ന, ഭാര്യയെ മറ്റൊരു പുരുഷനൊപ്പം കണ്ടുവെന്ന് ആരോപിച്ച് രണ്ടാമത്തെ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുഞ്ഞിന് കുത്തേറ്റത്. ഇരുവരും സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. കൃത്യത്തിന് ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച സായ്ബന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു രക്ഷപ്പെടുത്തിയ ശേഷമാണ് വീണ്ടും ജയിലിലടച്ചത്.
തടവറയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം വികാരാധീനനായാണ് സായ്ബന്ന മാധ്യമങ്ങളോട് സംസാരിച്ചത്. ക്ഷണനേരത്തെ ദേഷ്യം കൊണ്ട് തന്റെ ജീവിതവും ജോലിയും സ്വത്തുമെല്ലാം നഷ്ടമായെന്ന് ഇയാള്‍ പറഞ്ഞു. 'ഞാന്‍ ചെയ്ത തെറ്റ് ഇനി ആരും ആവര്‍ത്തിക്കരുത്. ജയിലില്‍ പോയാല്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടും.
ദേഷ്യത്തില്‍ ചെയ്ത ഒരു തെറ്റ് കാരണം എനിക്ക് എന്റെ ജോലിയും 10 ഏക്കര്‍ ഭൂമിയും കുടുംബവുമെല്ലാം നഷ്ടമായി. 37 വര്‍ഷമാണ് ഞാന്‍ ജയിലില്‍ കിടന്നത്,' സായ്ബന്ന ഓര്‍ത്തു പറഞ്ഞു. കലബുറഗി ജേവര്‍ഗി സ്വദേശിയായ ഇയാള്‍ കര്‍ണാടക സ്റ്റേറ്റ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ജീവനക്കാരനായിരുന്നു.
Saibanna Nimgaffa Nadikar, India's longest-serving prisoner who spent 37 years in jail for murdering his two wives and a child, has been released from Bengaluru jail under Karnataka's rehabilitation scheme.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."