യു.എ.ഇയില്‍ ടോക്കണൈസ്ഡ് ഡിപ്പോസിറ്റുമായി എച്ച്.എസ്.ബി.സി; വിദേശ അക്കൗണ്ടുകള്‍ക്കിടയില്‍ ഇനി 24 മണിക്കൂറും ഇടപാട്
ദുബൈ: യു.എ.ഇയില്‍ ബാങ്ക് നിക്ഷേപങ്ങളെ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ ടോക്കണുകളാക്കി അതിവേഗ പണമിടപാടുകള്‍ സാധ്യമാക്കുന്ന ടോക്കണൈസ്ഡ് ഡിപ്പോസിറ്റ് സര്‍വീസ് ( Tokenized Deposit Service (TDS) ആരംഭിച്ചതായി പ്രമുഖ അന്താരാഷ്ട്ര ബാങ്കായ എച്ച്.എസ്.ബി.സി അറിയിച്ചു. ഇതോടെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആഭ്യന്തര, വിദേശ അക്കൗണ്ടുകള്‍ക്കിടയില്‍ 24 മണിക്കൂറും സാമ്പത്തിക ഇടപാട് നടത്താനാകും.
പരമ്പരാഗത ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വേഗതയും സുതാര്യതയും പ്രയോജനപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്ര ഓഫിസിലേക്കും മറ്റ് ശാഖകളിലേക്കും പണം വേഗത്തില്‍ കൈമാറാനും പണലഭ്യതയും പ്രവര്‍ത്തന മൂലധനവും കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഇതുകൊണ്ട സാധിക്കുമെന്ന് ബാങ്ക് അറിയിച്ചു.
യൂറോ, ബ്രിട്ടീഷ് പൗണ്ട്, യു.എസ് ഡോളര്‍, ഹോങ്കോങ് ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍ എന്നിവയ്ക്ക് പുറമെ യു.എ.ഇ ദിര്‍ഹമിനെയും എച്ച്.എസ്.ബി.സിയുടെ ടി.ഡി.എസ് ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാട് രംഗത്ത് യു.എ.ഇ കൈവരിച്ച മുന്നേറ്റവും ശക്തമായ നിയന്ത്രണ സംവിധാനവുമാണ് ഈ സേവനം രാജ്യത്ത് അവതരിപ്പിക്കാന്‍ സഹായിച്ചതെന്ന് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള ബാങ്കിങ്, ട്രഷറി സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഈ സേവനം രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനാല്‍ കമ്പനികള്‍ക്ക് നിലവിലെ സാമ്പത്തിക സംവിധാനങ്ങളില്‍ വലിയ മാറ്റം വരുത്താതെ തന്നെ ഇത് ഉപയോഗിക്കാനാകും.
English Summary: Leading international bank HSBC has launched its Tokenized Deposit Service (TDS) in the UAE. This blockchain-based system converts bank deposits into digital tokens, enabling ultra-fast, 24/7 financial transactions between domestic and international accounts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."