സപ്ലൈകോ വൻ കടക്കെണിയിൽ; വിതരണക്കാർക്ക് മാത്രം നൽകാനുള്ളത് 432 കോടി
കൊച്ചി: ഓണ സീസൺ വരാനിരിക്കെ സംസ്ഥാനത്തെ അവശ്യസാധന വില നിയന്ത്രണ സംവിധാനമായ സപ്ലൈകോ വൻ കടബാധ്യതയിലെന്ന് റിപ്പോർട്ട്. മുൻ മാസങ്ങളിൽ സപ്ലൈകോക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്ത വിതരണക്കാർക്കും വൻ തുക നൽകാനുണ്ട്. 432 കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് ഉടൻ നൽകാനുള്ളത്. ഇതിൽ 132 കോടി രൂപ സപ്ലൈകോയുടെ ധനകാര്യഭാഗം ബില്ലുകൾ പാസാക്കി വച്ചിരിക്കുകയാണെങ്കിലും ഫണ്ടിന്റെ അഭാവം കാരണം നൽകാൻ കഴിഞ്ഞിട്ടില്ല. 300 കോടിയോളം രൂപയുടെ ബില്ലുകൾ വിവിധ ഡിപ്പോകളിലും സെക്ഷനുകളിലും മറ്റുമായി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇവയും താമസിയാതെ ധനകാര്യ വിഭാഗത്തിലേക്ക് എത്തും. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്ക് അനുസരിച്ചാണ് ഇത്.
ഇതിനുപുറമേ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ കൂടി കൂട്ടുമ്പോൾ മൊത്തം കടബാധ്യത 4500 കോടിയോളം വരും. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് സപ്ലൈകോ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
മാർച്ച് 31വരെ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്ത വകയിലാണ് വിതരണക്കാർക്ക് 432.23 കോടി രൂപ നൽകാനുള്ളത്. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത വകയിൽ 4,169 കോടി രൂപയോളമാണ് സപ്ലൈകോക്ക് ബാധ്യതയുള്ളത്. എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക് എന്നിവ അടങ്ങിയ ബാങ്ക് കൺസോർഷ്യത്തിന് മാത്രമായി 2490 കോടി രൂപയാണ് നൽകാനുള്ളത്. കേരള ബാങ്ക് ഉൾപ്പെടെയുള്ള മറ്റു ബാങ്കുകൾക്കാആണ് ബാക്കി തുക നൽകാനുള്ളത്. ഇതിൽ കേരള ബാങ്കിന് മാത്രം 175 കോടി പലിശ കുടിശ്ശികയുമുണ്ട്.
വിപണിയിലെ വിലനിയന്ത്രണത്തിനായി സപ്ലൈകോ മുടക്കുന്ന തുകയിൽ ഒരു ഭാഗം സംസ്ഥാന സർക്കാർ നൽകണമെന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ വിഹിതം കുത്തനെ കുറഞ്ഞതാണ് സപ്ലൈകോയെ ഇത്രയും വലിയ കടക്കണിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813.78 കോടി രൂപ മാത്രമാണ്. 2016-17, 2017-18 സാമ്പത്തിക വർഷങ്ങളിൽ 200 കോടി രൂപ വീതം അനുവദിച്ച സർക്കാർ പിന്നീട് തുക കുറച്ചു കൊണ്ടുവരികയായിരുന്നു. 2018-19 സാമ്പത്തിക വർഷം 125 കോടി രൂപയും 2019-20 സാമ്പത്തിക വർഷം 54.15 കോടി രൂപയുമാണ് അനുവദിച്ചത്.
തൊട്ടടുത്ത സാമ്പത്തിക വർഷം തുകയൊന്നും അനുവദിച്ചതുമില്ല. 2022ൽ 75 കോടി രൂപ അനുവദിച്ചെങ്കിലും പിന്നീടുള്ള സാമ്പത്തിക വർഷം ഒരു തുകയും ലഭിച്ചില്ല.എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ സർക്കാർ സഹായത്തിൽ കാര്യമായി വർധനവ് ഉണ്ടായി. 2023-24ൽ 357.63 കോടി രൂപയും 2024-25 ൽ 455 കോടി രൂപയും 2025-26 ൽ 347 കോടി രൂപയും അനുവദിച്ചു. എന്നാൽ ഇതിനു മുമ്പുള്ള വർഷങ്ങളിലെ ഫണ്ടിന്റെ കുറവും കൊവിഡ് കാലത്തെ വ്യാപാര പ്രതിസന്ധിയും സപ്ലൈകോയെ കടക്കെണിയിലേക്ക് തള്ളിവിടുകയായിരുന്നു.
ഓണം പടിവാതിക്കൽ എത്തി നിൽക്കവേ വിതരണക്കാർക്ക് നൽകാനുള്ള തുകയിൽ നല്ലൊരു ഭാഗമെങ്കിലും നൽകിയില്ലെങ്കിൽ പൊതു വിപണിയിലെ സപ്ലൈകോയുടെ ഇടപെടൽ നാമമാത്രമാവും. നൽകാനുള്ള തുക കിട്ടാതെ അവശ്യസാധനങ്ങൾ നൽകില്ലെന്ന നിലപാടിലേക്ക് പല വിതരണക്കാരും എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."