ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ
കോഴിക്കോട്: സംസ്ഥാനത്തെ 15 ജയിലുകളിൽ സ്വന്തമായി വാഹനമില്ല. തടവുകാരെ ആശുപത്രിയിലെത്തിക്കുന്നതിന് ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ വാഹനങ്ങളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഒാട്ടോ അടക്കമുള്ള സ്വകാര്യ വാഹനങ്ങളെയാണ് ഈ ഘട്ടങ്ങളിൽ ആശ്രയിക്കുന്നത്.
തിരുവനന്തപുരം വുമൻ ഓപ്പൺ പ്രിൻസൺ ആൻഡ് കറക്ഷണൽ ഹോം, എറണാകുളം ബോർസ്റ്റൽ സ്‌കൂൾ, പത്തനംതിട്ട, കോട്ടയം ജില്ലാ ജയിലുകൾ, പൊൻകുന്നം, കോഴിക്കോട്, ആലപ്പുഴ സ്‌പെഷൽ സബ് ജയിലുകൾ, കൊയിലാണ്ടി, തിരൂർ, ആലത്തൂർ, ഒറ്റപ്പാലം, പൊന്നാനി, എറണാകുളം, ചാവക്കാട്, വിയ്യൂർ തുടങ്ങിയ സബ്ജയിലുകൾ എന്നിവിടങ്ങളിലാണ് സ്വന്തമായി വാഹനങ്ങളില്ലാത്തത്. രാത്രിയിൽ അടിയന്തരഘട്ടങ്ങളിൽ രോഗികളായ തടവുകാരെ ആശുപത്രിയിലെത്തിക്കുന്നതിന് പലപ്പോഴും സ്വകാര്യവാഹനങ്ങൾ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി തടവുകാരിൽ പലരും നിരവധി അസുഖങ്ങളുള്ളവരാണ്. ഇതിനുപുറമേ ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പൊലിസ് ദിനംപ്രതി പിടികൂടുന്ന പ്രതികളും ജയിലുകളിലെത്തുന്നുണ്ട്. തടവുകാർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ വൈകിയാൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കുന്ന ജയിൽവകുപ്പ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തുന്നത് ആക്ഷേപങ്ങൾക്കിടയാക്കിയിട്ടുണ്ട്.
തടവുകാരുടെ സംരക്ഷണത്തിന് പുറമേ ജയിൽവകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് പോലും വാഹനങ്ങളില്ലാത്ത സ്ഥിതിയാണ്. വാഹനങ്ങളുടെ അപര്യാപ്ത സംബന്ധിച്ച് കേരള ജയിൽ സബോർഡിനേറ്റ് ഓഫിസേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പഠന റിപ്പോർട്ടിൽ വിശദമായി പരാമർശിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടിന്മേൽ സർക്കാർ തുടർനടപടികൾ സ്വീകരിച്ചില്ല.
ജയിലുകളിൽ വിവിധതരം അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതായുള്ള നിരവധി വാഹനങ്ങളാണ് ഉപയോഗിക്കാൻ പോലും സാധിക്കാതെ കെട്ടിക്കിടക്കുന്നത്. പലപ്പോഴും സാങ്കേതികത്വം പറഞ്ഞ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ വൈകാറുണ്ട്. ഇത് പരിഹരിക്കാനായി സെൻട്രൽ ജയിലിലോ നെട്ടുകാൽത്തേരി തുറന്ന ജയിലിലോ വർക്ക്‌ഷോപ്പ് സ്ഥാപിക്കുകയും തടവുകാരെ വിദഗ്ധ പരിശീലനം നൽകി ഉപയോഗിക്കാവുന്നതുമാണെന്നായിരുന്നു റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."