മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ?
കണ്ണൂർ: പാർട്ടി അച്ചടക്കത്തിന്റെ ഇരുമ്പുമറ ഭേദിച്ച് സി.പി.എമ്മിലെ ആഭ്യന്തരഭിന്നതകൾ പുറത്തേക്ക്. ചരിത്രത്തിലില്ലാത്ത തോൽവിക്കു പിന്നാലെയാണ് മുതിർന്ന നേതാക്കൾ പോലും പല വിഷയത്തിലും വിരുദ്ധാഭിപ്രായങ്ങൾ തുറന്നുപറയുന്നതും പാർട്ടി സെക്രട്ടറിയെ പോലും തിരുത്തുന്നതും. വിഭാഗീയതയ്ക്കു സമാനമായ കടുത്ത പ്രതിസന്ധിയിലൂടെയാണ് സി.പി.എമ്മിന്റെ പോക്ക്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെയും തള്ളി കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനാണ് ഏറ്റവുമൊടുവിൽ രംഗത്തെത്തിയത്.
വിഴിഞ്ഞം വിഷയത്തിൽ വിവാദമുണ്ടാക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും, അഴിമതി ആരോപിക്കാൻ താനില്ലെന്നുമാണ് ഇന്നലെ കണ്ണൂരിൽ മാധ്യമങ്ങളോട് ഇ.പി തുറന്നടിച്ചത്. സി.പി.എമ്മിലെ, പ്രത്യേകിച്ച് കണ്ണൂർ നേതൃത്വത്തിലെ ആഭ്യന്തരഭിന്നതകളാണ് ഇതോടെ മറനീക്കുന്നത്. പാർട്ടി വിമതരായി മത്സരിച്ചു ജയിച്ച നേതാക്കളെ തിരിച്ചെടുക്കുന്നതിലും എം.വി ഗോവിന്ദനെ തള്ളുകയാണ് ഇ.പി ജയരാജൻ. തെറ്റുതിരുത്തിയവരെ തിരിച്ചെടുത്ത ചരിത്രം പാർട്ടിക്കുണ്ടെന്നും നക്‌സൽ പ്രസ്ഥാനത്തിലേക്ക് പോയവർ പോലും സി.പി.എമ്മിൽ തിരിച്ചെത്തിയെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റുതിരുത്തിയാൽ ടി.കെ ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും തിരിച്ചുവരാമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ കടുത്തഭാഷയിലായിരുന്നു ഇതിനോട് എം.വി ഗോവിന്ദന്റെ പ്രതികരണം. വിമതരായി ജയിച്ചവർ 'വർഗവഞ്ചകർ' ആണെന്നും, പാർട്ടിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു ഗോവിന്ദൻ പറഞ്ഞത്. എം.വി ജയരാജൻ ഇതോടെ നിശബ്ദനായെങ്കിലും ഗോവിന്ദനെ വെല്ലുവിളിച്ച് ഇന്നലെ ഇ.പി അടുത്ത വെടി പൊട്ടിക്കുകയായിരുന്നു.
ഗോവിന്ദനോട് കലിപ്പുതീരാതെ ഇ.പി
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിനു പിന്നാലെ ധൃതിപിടിച്ച് എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയതു മുതലാണ് ഇ.പി ജയരാജൻ നേതൃത്വത്തോട് ഇടയുന്നത്. സംസ്ഥാന സെക്രട്ടറിക്കസേര സ്വപ്‌നം കണ്ട ഇ.പിയെ വെട്ടിയാണ് പിണറായിയുടെ ആശീർവാദത്തിൽ ഗോവിന്ദൻ ആ കസേരയിലെത്തിയത്. അന്നുമുതൽ എം.വി ഗോവിന്ദനുമായി ഇടഞ്ഞ ഇ.പിക്കു പക്ഷെ, പിണറായിയോടുള്ള മമത കുറഞ്ഞില്ല. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ പിണറായിക്കു പ്രതിരോധം തീർക്കാൻ ഇ.പി മുന്നിലുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ പിണറായിയോടും ഇടഞ്ഞുതന്നെയാണ് ഇ.പി ജയരാജൻ.
പടയൊഴിയാതെ പാർട്ടി
തോൽവി പഠിക്കാനും തിരുത്താനും സംസ്ഥാന നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് സി.പി.എമ്മിൽ മുഖംനോക്കാതെയുള്ള വിമർശനങ്ങൾക്കു തുടക്കമായത്. കീഴ്ഘടകങ്ങളിൽ ഉൾപ്പെടെ നേതാക്കളെ പേരെടുത്തുപറഞ്ഞുള്ള വിചാരണ നടന്നു. മേൽഘടകങ്ങളിലും കുറ്റപ്പെടുത്തലുകൾ മറനീക്കി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിയിൽ ജനറൽ സെക്രട്ടറി എം.എ ബേബിയുടെ നിലപാട് പിണറായി വിജയനും എം.വി ഗോവിന്ദനും പരസ്യമായി തള്ളി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജനെ തള്ളി എം.വി ഗോവിന്ദൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തെ വിചാരണ ചെയ്യുന്ന തരത്തിലുള്ള കുറിപ്പുകളുമായി പി.ബി അംഗം എ. വിജയരാഘവനും കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശനും രംഗത്തെത്തി. പ്രതിപക്ഷ നേതാവെന്നനിലയിൽ സഭയിൽ പിണറായി വിജയൻ കുറേക്കൂടി ശോഭിക്കണമെന്ന് കേന്ദ്രകമ്മിറ്റി അംഗം കെ.എൻ ബാലഗോപാൽ തുറന്നടിച്ചു. അധികാരം നഷ്ടമായതോടെ ഇനി ആരെയും ഭയക്കേണ്ടെന്നും തുറന്നുപറച്ചിലിനു പറ്റിയ സമയമാണിതെന്നും നേതാക്കളും അണികളും ചിന്തിക്കുന്നതിന്റെ സൂചനയാണ് നിരന്തരം ഉയരുന്ന വിരുദ്ധസ്വരങ്ങൾ. പാർട്ടിയിൽ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ നടക്കുന്നതെന്ന് വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളം കണ്ടറിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."