യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം
ദുബൈ: യുഎഇയിലെ 2025 - 2026 അധ്യയന വര്‍ഷത്തിലെ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അപ്രതീക്ഷിതമായി ഒരു ലക്ഷം ദിര്‍ഹം വീതം ധനസമ്മാനം നല്‍കി ആദരിച്ചു.
വിദ്യാഭ്യാസ രംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ യുവപ്രതിഭകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക അംഗീകാരം നല്‍കിയത്. ധനസമ്മാനത്തോടൊപ്പം ഷെയ്ഖ് മുഹമ്മദ് വ്യക്തിപരമായ അഭിനന്ദന സന്ദേശവും വിദ്യാര്‍ഥികള്‍ക്ക് കൈമാറി.
'നിങ്ങളുടെ അസാധാരണ നേട്ടത്തിന് അഭിനന്ദനങ്ങള്‍. ഈ സന്തോഷ നിമിഷം നിങ്ങളോടും കുടുംബത്തോടും ഒപ്പം ഞങ്ങളും പങ്കിടുന്നു. നിങ്ങളുടെ ബിരുദവിജയം നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും പുതിയ ശക്തിയായി മാറും,' എന്നായിരുന്നു സന്ദേശം. 'ഞങ്ങള്‍ക്ക് നിങ്ങളില്‍ അഭിമാനമുണ്ട്... ഞങ്ങളുടെ പ്രതീക്ഷയും നിങ്ങളിലാണ്' എന്നതായിരുന്നു പെട്ടിയിലുണ്ടായിരുന്ന മറ്റൊരു സന്ദേശം.
ഒരു ലക്ഷം ദിര്‍ഹത്തേക്കാള്‍ വിലപ്പെട്ടത് ഷെയ്ഖ് മുഹമ്മദിന്റെ വ്യക്തിപരമായ അഭിനന്ദനവും പ്രചോദനവാക്കുകളുമാണെന്ന് സമ്മാനം ലഭിച്ച വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. സര്‍വകലാശാല പഠനത്തിലും തൊഴില്‍ജീവിതത്തിലും ഈ സന്ദേശം തങ്ങള്‍ക്ക് എന്നും പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.
നേതൃത്വം നല്‍കിയ വിശ്വാസത്തിന് യോജിച്ച രീതിയില്‍ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും സംഭാവന നല്‍കുമെന്നും മികവ് തുടര്‍ന്നും നിലനിര്‍ത്തുമെന്നും വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.
English Summary: UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum surprised the country's top secondary school graduates with Dh100,000 each, along with a personal congratulatory message. The initiative honours academic excellence and encourages students to continue contributing to the UAE's future. Many recipients said the personal message was more valuable than the financial reward.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."