77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!
മെക്സിക്കോ സിറ്റി: ഫുട്ബോൾ ലോകത്തെ ഏറ്റവും വിഖ്യാതവും കോടികൾ വിലമതിക്കുന്നതുമായ ഡീഗോ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കഥയാണെന്ന് വെളിപ്പെടുത്തൽ. ലേലത്തിൽ 9.28 മില്യൺ ഡോളറിന് (ഏകദേശം 77 കോടിയിലധികം രൂപ) വിറ്റുപോയ ആ ഐക്കണിക് നീല ജേഴ്സി, മെക്സിക്കോ സിറ്റിയിലെ 'ടെപിറ്റോ' എന്ന സാധാരണ ലോക്കൽ മാർക്കറ്റിൽ നിന്ന് വാങ്ങിയതാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര നിർമ്മാതാവായ ഫിഡൽ മക്‌കേബ്.
1986-ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ മറഡോണ ചരിത്രപ്രസിദ്ധമായ 'നൂറ്റാണ്ടിന്റെ ഗോളും' 'ദൈവത്തിന്റെ കൈ' ഗോളും നേടുമ്പോൾ അണിഞ്ഞിരുന്ന തിളങ്ങുന്ന നീല ജേഴ്സിയുടെ ഉത്ഭവം അന്വേഷിക്കുന്ന "എൽ ഡീസ്: മെയ്ഡ് ഇൻ ടെപിറ്റോ" (El Diez: Made in Tepito) എന്ന ഡോക്യുമെന്ററിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
എന്തുകൊണ്ട് അർജന്റീനയ്ക്ക് ലോക്കൽ ജേഴ്സി വാങ്ങേണ്ടി വന്നു?
ഉറുഗ്വേയുമായുള്ള മത്സരത്തിന് ശേഷം അർജന്റീന ടീം തങ്ങളുടെ ഔദ്യോഗിക ജേഴ്സികൾ കൈമാറിയിരുന്നു. തൊട്ടടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വീണ്ടും നീല ജേഴ്സി തന്നെ അണിയേണ്ടി വന്നതോടെയാണ് അർജന്റീനൻ ക്യാമ്പ് പ്രതിസന്ധിയിലായത്. വെറും രണ്ട് ദിവസത്തിനുള്ളിൽ പുതിയ ജേഴ്സി കണ്ടെത്തണമായിരുന്നു.
അന്ന് മെക്സിക്കോയിലെ ക്ലബ് അമേരിക്കയ്ക്ക് വേണ്ടി കളിച്ചിരുന്ന മുൻ അർജന്റീനൻ ഗോൾകീപ്പർ ഹെക്ടർ മിഗുവൽ സെലാഡയാണ് മെക്സിക്കോ സിറ്റിയിലെ ടെപിറ്റോ മാർക്കറ്റിനെക്കുറിച്ച് ടീമിന് നിർദ്ദേശ നൽകുന്നത്. "എന്തും വിലകുറഞ്ഞ് കിട്ടുന്ന" ഈ തെരുവ് മാർക്കറ്റിൽ നിന്ന് അർജന്റീനൻ ടീം ഒഫീഷ്യൽസ് സാധാരണ നീല ഷർട്ടുകൾ കൂട്ടത്തോടെ വാങ്ങുകയായിരുന്നു.
"വെറും രണ്ട് ദിവസത്തിനുള്ളിൽ അവർക്ക് ജേഴ്സി ഒപ്പിക്കണമായിരുന്നു. ടെപിറ്റോ മാർക്കറ്റിൽ നിന്ന് വാങ്ങിയ ആ സാധാരണ ഷർട്ടുകളിൽ അവർ സ്വന്തമായി അർജന്റീനയുടെ ഔദ്യോഗിക ബാഡ്ജുകൾ തുന്നിച്ചേർത്തു. കളിക്കാരുടെ നമ്പറുകൾക്കായി ഒട്ടിച്ചത് തിളങ്ങുന്ന അമേരിക്കൻ ഫുട്ബോൾ നമ്പറുകളായിരുന്നു. അതുകൊണ്ടാണ് മറഡോണയുടെ പത്താം നമ്പർ ജേഴ്സിയിലെ അക്കങ്ങൾ അത്രയേറെ തിളങ്ങിയത്. 80-കളിൽ മാത്രമേ ഇത്തരം വിചിത്രമായ കാര്യങ്ങൾ സംഭവിക്കൂ." എന്ന് ചലച്ചിത്ര നിർമ്മാതാവ് ഫിഡൽ മക്‌കേബ് പറയുന്നു.
ഫിഫയുടെ പകിട്ടല്ല, ഇത് മെക്സിക്കൻ ജനതയുടെ അധ്വാനം
ഇഎസ്പിഎൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്നാണ് മക്‌കേബ് ഈ കഥയെക്കുറിച്ച് അറിയുന്നത്. തുടർന്ന് ടെപിറ്റോ മാർക്കറ്റിലെ വ്യാപാരികളോടും പ്രദേശവാസികളോടും സംസാരിച്ചാണ് അദ്ദേഹം സത്യത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയത്. മെക്സിക്കോ സിറ്റിയിൽ പോലും ഈ കഥ പൂർണ്ണമായി വിശ്വസിക്കാത്തവരുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഉറുഗ്വേ മത്സരത്തിന് ശേഷമുള്ള ആറ് ദിവസങ്ങളിൽ അർജന്റീനൻ ക്യാമ്പിൽ നടന്ന അണിയറ നീക്കങ്ങളാണ് ഡോക്യുമെന്ററി ഒപ്പിയെടുക്കുന്നത്.
ഈ ചരിത്ര നിമിഷത്തിന്റെ 40-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്സാക്കയിൽ നിന്നുള്ള സപോട്ടെക് കലാകാരി അന ഷോപ മെക്സിക്കോ സിറ്റിയുടെ മധ്യഭാഗത്തായി ഒരു ഭീമൻ ചുവർചിത്രവും ഒരുക്കിയിട്ടുണ്ട്. ഫുട്ബോളിന്റെ ആഗോള ഗ്ലാമറിന് പിന്നിൽ വിസ്മരിക്കപ്പെട്ടുപോയ പ്രാദേശിക വ്യാപാരികളുടെയും സാധാരണക്കാരുടെയും അധ്വാനത്തെ അടയാളപ്പെടുത്താനാണ് ഈ ചുവർചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് അന ഷോപ വ്യക്തമാക്കി. ഒരു 'പൈറേറ്റ്' ജേഴ്സി ധരിച്ച് ഒരു രാജ്യം ലോകകപ്പ് ക്വാർട്ടർ ഫൈനൽ ജയിച്ചു എന്നത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ നാടോടിക്കഥയാണെന്നും അവർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."