യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍
ഡല്ലസ്: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു സ്പാനിഷ് പടയുടെ ആധികാരിക ജയം. ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവില്‍ ഗ്രാസിയോസ് എസ്പാന്യ(നന്ദി, സ്‌പെയിന്‍)പാടിയാണ് സ്പാനിഷ് ആരാധകര്‍ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. മത്സരത്തിന് മുമ്പ് ഫ്രാന്‍സിന് ഫുട്‌ബോള്‍ വിദഗ്ധരടക്കം മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഫ്രാന്‍സിന്റെ പേരുകേട്ട മധ്യനിരയും മുന്നേറ്റവും പൂര്‍ണമായും പരാജയപ്പെടുന്നതാണ് കണ്ടത്. കിലിയന്‍ എംബാപ്പെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു.
അതേസമയം സ്‌പെയിന്‍ ഫ്രാന്‍സിന്റെ പ്രതിരോധത്തിലെ ചെറിയ പിഴവുകള്‍ മികച്ച സെറ്റ് പീസുകളാല്‍ തുറന്നുകാണിക്കുകയും ചെയ്തു. മുന്നേറ്റത്തിലും പാസുകളിലും സ്‌പെയിന്‍ ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നതായിരുന്നു കാഴ്ച്ച. ഫ്രാന്‍സിന്റെ ചെറിയ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ അഡ്രിയാന്‍ റാബിയറ്റിന്റെ ലോങ് റേഞ്ചര്‍ ഒരിക്കല്‍ കൂടി ബാറിന് മുകളിലൂടെ പറക്കുന്നതാണ് കണ്ടത്. എന്നാല്‍ പത്ത് മിനുട്ടിനുള്ളില്‍ റാബിയറ്റ് മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെ ഫ്രാന്‍സിന്റെ ആവേശം കുറയുന്നതാണ് കണ്ടത്. സ്‌പെയിന്‍ ഒന്നിന് പിറകേ ഒന്നായി ഫ്രാന്‍സിന്റെ പ്രതിരോധത്തെ പൊളിക്കുകയായിരുന്നു. ഇതോടെ ഫ്രഞ്ച് പട ഒന്നാകെ പതറിപ്പോവുകയായിരുന്നു.
മധ്യനിരയില്‍ ഫ്രാന്‍സിന്റെ പ്ലേമേക്കറായ മൈക്കിള്‍ ഒലിസെ താളം കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടിയത് ടീമിന്റെ മുന്നേറ്റങ്ങളുടെ മൂര്‍ച്ച കുറയ്ക്കുകയും ചെയ്തു. തുടരെ മിസ് പാസുകളും കൂടി വന്നതോടെ ഫ്രഞ്ച് മുന്നേറ്റം സമ്മര്‍ദത്തിലാവുന്നതും കാണാമായിരുന്നു. കൃത്യമായ ചെറുപാസുകളിലൂടെ അവര്‍ ഫ്രാന്‍സിന്റെ പ്ലാനിങ്ങുകളെല്ലാം തകര്‍ത്തു. 22ാം മിനുട്ടില്‍ സ്‌പെയിനിന് പ്രതീക്ഷ ബ്രേക് ത്രൂ പെനാല്‍റ്റി രൂപത്തില്‍ എത്തി. ലാമിന്‍ യമാല്‍ ലൂക്കാസ് ഡൈനിനെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത മിഖേല്‍ ഒയാര്‍സബാലിന് പിഴച്ചില്ല. താരം വലകുലുക്കിയതോടെ മത്സരത്തില്‍ സ്‌പെയിന്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഒയാര്‍സബാലിന്റെ ടൂര്‍ണമെന്റിലെ അഞ്ചാം ഗോളായിരുന്നു ഇത്.
രണ്ടാം പാതിയില്‍ പക്ഷേ ഫ്രാന്‍സ് കളി മാറ്റുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പകരം വര്‍ധിത വീര്യത്തോടെ കളിക്കുന്ന സ്‌പെയിനിനെയാണ് കണ്ടത്. രണ്ടുതവണ ലാമിന്‍ യമാല്‍ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കാരണം ഗോള്‍ അനുവദിച്ചില്ല. 52ാം മിനുട്ടില്‍ ഒയാര്‍സബാലിന് വീണ്ടും മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 58ാം മിനുട്ടില്‍ വീണ്ടും ഫ്രാന്‍സ് പ്രതിരോധം പൂര്‍ണമായും തകര്‍ന്നു. പെഡ്രോ പോറോയാണ് ഇത്തവണ സ്‌പെയിനിന്റെ രണ്ടാം ഗോള്‍ നേടിയത്.
ഡാനി ഓല്‍മോയുടെ ലോങ് പാസാണ് ഗോളിന് വഴിയൊരുക്കിയത്. ഇതിന് ശേഷവും മികച്ച നീക്കങ്ങള്‍ യമാല്‍ നടത്തിയെങ്കിലും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സ്‌കോര്‍ ചെയാനാവാതെ പോയത്. അതേസമയം ഫൈനലില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടത്തിലെ വിജയികളെയാണ് സ്‌പെയിന്‍ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."