യുഎഇയിൽ പൊടിക്കാറ്റും കനത്ത ചൂടും; 48 ഡിഗ്രി വരെ താപനില; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates
ദുബൈ: യുഎഇയിൽ ഇന്നും അതിശക്തമായ ചൂടിനൊപ്പം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഒറ്റപ്പെട്ട മഴ ലഭിക്കാനും സാധ്യതയുണ്ട്.
കിഴക്കൻ ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദവും അന്തരീക്ഷത്തിന്റെ മുകളിലെ ന്യൂനമർദ സംവിധാനവും ചേർന്നാണ് ഈ കാലാവസ്ഥാ സാഹചര്യം രൂപപ്പെടുന്നതെന്ന് എൻസിഎം വ്യക്തമാക്കി. ഇതിന്റെ സ്വാധീനത്തിൽ ഉച്ചയ്ക്കുശേഷം മേഘവികാസം ശക്തമാകാനാണ് സാധ്യത.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് കാറ്റ് വീശും. ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനിടയുള്ളതിനാൽ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയുന്നതിനും സാധ്യതയുണ്ട്.
ഉൾപ്രദേശങ്ങളിൽ താപനില 47 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും പർവത മേഖലകളിൽ 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് പ്രവചനം.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ നേരിയതോ മിതമായതോ ആയിരിക്കും.
വാരാന്ത്യത്തിലും മഴസാധ്യത തുടരും
വെള്ളിയാഴ്ചയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും ഇടിമിന്നലോട് കൂടിയ സംവഹന മേഘങ്ങൾ രൂപപ്പെട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു. കാറ്റിന്റെ വേഗത ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാം.
ശനിയാഴ്ച കാലാവസ്ഥ താരതമ്യേന മെച്ചപ്പെടുമെങ്കിലും കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘവികാസത്തിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത നിലനിൽക്കും. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കാനും സാധ്യതയുണ്ട്.
ഞായറാഴ്ചയും തിങ്കളാഴ്ചയും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. കിഴക്കൻ മേഖലകളിൽ മാത്രമാകും പരിമിതമായ മേഘവികാസം ഉണ്ടാകുക. തെക്കുകിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് ക്രമേണ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും ചില സമയങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."