പാസ്‌പോർട്ട് പുതുക്കൽ മുടക്കം പതിവ്; പ്രവാസികൾ പ്രതിസന്ധിയിൽ; കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഉറ്റുനോക്കി പ്രവാസികൾ
കുവൈത്ത് സിറ്റി: പാസ്‌പോർട്ട് പുതുക്കൽ സേവനങ്ങൾ ലഭിക്കാതെ കുവൈത്തിലെ നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ. ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾ പുതിയ കമ്പനിക്ക് കൈമാറിയ തീരുമാനം ഡൽഹി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കുവൈത്തിലെ സേവനങ്ങൾ താളം തെറ്റിയത്. നിലവിൽ നാളെ വരെ കുവൈത്തിലെ ഇന്ത്യൻ എംബസി നേരിട്ടാണ് അടിയന്തര സേവനങ്ങൾ പരിമിതമായി നൽകുന്നത്. തത്കാൽ പാസ്‌പോർട്ട്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, സിവിൽ ഐ.ഡിയുടെ കാലാവധി അവസാനിക്കുന്നവർക്ക് ഹ്രസ്വകാല സാധുതയുള്ള പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വിസ തുടങ്ങിയ സേവനങ്ങളാണ് അടിയന്തര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സാധാരണ പാസ്‌പോർട്ട് പുതുക്കൽ സേവനം നിലവിൽ ലഭ്യമല്ല.
ഇതോടെ വേനലവധിക്ക് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവരടക്കം നിരവധി പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായി. പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കേണ്ട സാഹചര്യമാണെന്ന് പലരും ആശങ്കപ്പെടുന്നു.
ജൂലൈ ഒന്നുമുതൽ കുവൈത്തിലെ ഇന്ത്യൻ കോൺസുലർ സേവനദാതാക്കളായി ഡു ഗ്ലോബൽ ഡിജിറ്റൽ എന്ന കമ്പനിക്കായിരുന്നു നിയമനം ലഭിച്ചത്. എന്നാൽ വിദേശ രാജ്യങ്ങളിലെ പുതിയ കോൺസുലർ സേവനദാതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിൽ ഈ നിയമനം ഡൽഹി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
നിയമന നടപടിയിൽ അപാകതയുണ്ടെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ച കോടതി ടെൻഡർ നടപടികൾ റദ്ദാക്കാൻ ഉത്തരവിട്ടു. പുതിയ ടെൻഡറിനായി ഒരു മാസത്തിനകം അപേക്ഷ സമർപ്പിക്കാൻ ഹരജിക്കാർക്ക് അനുമതി നൽകിയ കോടതി, പുതിയ സേവനദാതാവിന്റെ നിയമനം പൂർത്തിയാകുന്നതുവരെ നിലവിലെ സേവനദാതാക്കൾക്ക് താൽക്കാലികമായി സേവനം തുടരാമെന്നും നിർദേശിച്ചിരുന്നു.
അതേസമയം, കുവൈത്ത് ഉൾപ്പെടെ നാല് വിദേശ ഇന്ത്യൻ മിഷനുകളിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള ടെൻഡർ നടപടികൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വരുന്ന തിങ്കളാഴ്ച പരിഗണിക്കും. ഇതോടെ പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങളുടെ സാധാരണ പ്രവർത്തനം പുനരാരംഭിക്കാൻ ഇനിയും കാലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
English summary : Hundreds of Indian expatriates in Kuwait are facing difficulties after regular passport renewal services were suspended following the Delhi High Court's decision to cancel the appointment of a new overseas passport and consular service provider.
Currently, the Indian Embassy in Kuwait is offering only limited emergency services until Saturday, including Tatkal passports, NRI certificates, short-validity passports for those with expiring Civil IDs, Emergency Certificates, and e-Visa-related assistance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."