യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
അബൂദബി: യു.എ.ഇയിൽ ഈ ആഴ്ച താപനില ഉയരുന്നതിനൊപ്പം കിഴക്കൻ, തെക്കൻ മേഖലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം.) അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.
ഇന്ന് രാത്രിയിലും നാളെ പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർധിക്കുകയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞുമൂടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും 39 മുതൽ 45 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 42 മുതൽ 48 ഡിഗ്രി സെൽഷ്യസും പർവത മേഖലകളിൽ 33 മുതൽ 38 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്നാണ് പ്രവചനം.
ഞായറാഴ്ചയും സമാനമായ കാലാവസ്ഥ തുടരും.
തിങ്കളാഴ്ച മുതൽ ചൂട് വീണ്ടും ഉയരുമെന്നാണ് പ്രവചനം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 കിലോമീറ്റർ വരെ വർധിക്കാനിടയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അറബിക്കടലിനോട് ചേർന്ന യു.എ.ഇ തീരപ്രദേശങ്ങളിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകുമെന്നും ഒമാൻ കടലിൽ പൊതുവെ നേരിയതോ മിതമായതോ ആയ തിരമാലകളായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
English summary : The UAE is expected to see fair to partly cloudy weather on Saturday, with a chance of convective cloud formation over eastern and southern regions that could bring rainfall, according to the National Centre of Meteorology.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."