മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്‌പെയിനും അർജന്റീനയും നേർക്കുനേർ പോരാടുമ്പോൾ, ബാഴ്‌സലോണ ആരാധകർക്ക് ഇത് കേവലമൊരു ഫൈനൽ പോരാട്ടമല്ല. ബാഴ്‌സലോണയുടെ ലോകപ്രശസ്തമായ 'ലാ മാസിയ' (La Masia) യൂത്ത് അക്കാദമിയിൽ നിന്ന് വളർന്നുവന്ന ഒൻപത് പ്രതിഭകളാണ് ഈ മെഗാ ഫൈനലിൽ ഇരു രാജ്യങ്ങൾക്കുമായി കളത്തിലിറങ്ങുന്നത്.
ലയണൽ മെസി, ലമീൻ യമാൽ, ഗാവി, പൗ കുബാർസി, ഡാനി ഓൾമോ, എറിക് ഗാർഷ്യ, അലക്സ് ഗ്രിമാൽഡോ, മാർക്ക് കുക്കുറയ്യ, വിക്ടർ മുനോസ് എന്നീ ഒൻപത് താരങ്ങളാണ് ലാ മാസിയയുടെ പാരമ്പര്യം പേറി ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിൽ അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസി ഒഴികെയുള്ള ബാക്കി 8 താരങ്ങളും സ്പെയിൻ ദേശീയ ടീമിന്റെ കരുത്താണ്.
ഭൂതകാലവും വർത്തമാനവും തമ്മിലുള്ള വൈകാരിക പോരാട്ടം
ലാ മാസിയയിലൂടെ ഫുട്ബോൾ ലോകത്തേക്ക് ചുവടുവെച്ച്, ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മാറിയ ലയണൽ മെസി തന്റെ കരിയറിലെ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. എന്നാൽ മെസിക്ക് മുന്നിൽ പ്രതിരോധക്കോട്ട തീർക്കാനും വെല്ലുവിളി ഉയർത്താനും എത്തുന്നത് ലാ മാസിയയുടെ പുതിയ തലമുറയിലെ മിന്നും താരങ്ങളായ ലമീൻ യമാലും കുബാർസിയും ഓൾമോയുമടങ്ങുന്ന സ്പാനിഷ് പടയാണ്. ബാഴ്‌സലോണയുടെ ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ഒരു വൈകാരിക സംഘർഷത്തിന് കൂടിയാണ് ഈ ഫൈനൽ സാക്ഷ്യം വഹിക്കുന്നത്.
2010-ന്റെ ആവർത്തനം
ഇതാദ്യമായല്ല ലോകവേദിയിൽ ലാ മാസിയ താരങ്ങൾ മേധാവിത്വം സ്ഥാപിക്കുന്നത്. 2010-ൽ നെതർലാൻഡ്സിനെ തോൽപിച്ച് സ്പെയിൻ തങ്ങളുടെ ആദ്യ ലോകകിരീടം ഉയർത്തിയപ്പോൾ സ്പാനിഷ് ടീമിൽ എട്ട് ലാ മാസിയ കളിക്കാരുണ്ടായിരുന്നു. ആ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാര വേദിയിലും ഈ അക്കാദമി ചരിത്രം കുറിച്ചു. ജേതാവായ മെസിക്ക് പിന്നിൽ രണ്ടാമതായി ആന്ദ്രേ ഇനിയേസ്റ്റയും മൂന്നാമതായി സാവി ഹെർണാണ്ടസും എത്തിയപ്പോൾ, ചരിത്രത്തിൽ ആദ്യമായി ബാലൻ ഡി ഓറിന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഒരേ അക്കാദമിയിൽ നിന്നുള്ള കളിക്കാർ സ്വന്തമാക്കുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം, ലാ മാസിയയുടെ നട്ടെല്ലായ മെസി അർജന്റീനയ്ക്കായി വീണ്ടുമൊരു ലോകകിരീടം ഉയർത്തുമോ, അതോ അക്കാദമിയുടെ പുതിയ തലമുറ സ്പെയിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമോ എന്ന ആകാംഷയിലാണ് ഫുട്ബോൾ ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."