മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ
ലണ്ടൻ: ഫുട്ബോൾ ലോകത്ത് വർഷങ്ങളായി തുടരുന്ന ലയണൽ മെസ്സി - ക്രിസ്റ്റ്യാനോ റൊണാൾഡോ 'GOAT' (Greatest Of All Time) സംവാദത്തിൽ വിട്ടുവീഴ്ചയില്ലാത്ത പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോൺ ടെറി. തന്റെ മനസ്സിൽ മെസ്സിയും റൊണാൾഡോയും തമ്മിൽ ഒരിക്കലും അങ്ങനെയൊരു തുല്യശക്തികളുടെ പോരാട്ടം നിലനിന്നിരുന്നില്ലെന്നും മെസ്സി എപ്പോഴും റൊണാൾഡോയേക്കാൾ ഒരുപടി മുന്നിലായിരുന്നുവെന്നും ടെറി തറപ്പിച്ചു പറഞ്ഞു. 39-ാം വയസ്സിലും അർജന്റീനയെ വീണ്ടുമൊരു ലോകകപ്പ് ഫൈനലിലേക്ക് നയിച്ച മെസ്സിയുടെ അവിശ്വസനീയ ഫോം ഈ ചർച്ചകൾക്ക് എന്നെന്നേക്കുമായി വിരാമമിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പോർട്‌സ് അൺസെൻസേർഡ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെൽസി ഇതിഹാസമായ ജോൺ ടെറി. "എന്നെ സംബന്ധിച്ച് ഇതൊരു തർക്കവിഷയമേ ആയിരുന്നില്ല. ലോകകപ്പ് ഫൈനലിലെ ഫലം എന്തായാലും മെസ്സി തന്നെയാണ് എക്കാലത്തെയും മികച്ചവൻ. സെമി ഫൈനലിൽ 39-ാം വയസ്സിലും അദ്ദേഹം കളിച്ച കളി കാണാൻ ടിക്കറ്റെടുത്ത് പണം നൽകാൻ ഞാൻ തയ്യാറാണ്, അത്രമേൽ അവിശ്വസനീയമായിരുന്നു അത്" ടെറി വ്യക്തമാക്കി.
പ്രായത്തെ വെല്ലുന്ന മെസ്സി മാജിക്; പ്രശംസയുമായി ഗ്രെയിം സൗനെസും
2022-ലെ ലോകകപ്പ് വിജയത്തോടെ തന്നെ പലരുടെയും മനസ്സിൽ മെസ്സി ഒന്നാമനായി മാറിയിരുന്നു. എന്നാൽ 2026 ലോകകപ്പിൽ 39-ാം വയസ്സിലും തുടരുന്ന അസാധാരണ പ്രകടനത്തോടെ റൊണാൾഡോയുമായുള്ള വിടവ് മെസ്സി വീണ്ടും വർദ്ധിപ്പിച്ചു. ടൂർണമെന്റിൽ ഇതുവരെ 8 ഗോളുകളും 4 അസിസ്റ്റുകളും അടിച്ചുകൂട്ടിയ ക്യാപ്റ്റൻ മെസ്സി, അർജന്റീനയുടെ കളിയിലെല്ലാം നേരിട്ട് ഗോൾ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിന് ശേഷം മുൻ ലിവർപൂൾ മധ്യനിര താരം ഗ്രെയിം സൗനെസും മെസ്സിയെ വാനോളം പുകഴ്ത്തി. മെസ്സിയെ ഒരു 'അത്ഭുത പ്രതിഭാസം' (Freak) എന്നാണ് സൗനെസ് വിശേഷിപ്പിച്ചത്. രണ്ട് അസിസ്റ്റുകൾ നൽകിയതിനേക്കാൾ വളരെ വലുതായിരുന്നു മത്സരത്തിൽ മെസ്സിയുടെ സ്വാധീനമെന്ന് സൗനെസ് നിരീക്ഷിച്ചു. രണ്ട് കാലുകൾ കൊണ്ടുമുള്ള പാസിങ് റേഞ്ചും, പ്രതിരോധ നിരയെയും ഗോൾകീപ്പറെയും ഒരേപോലെ അമ്പരപ്പിച്ച് ടച്ച് ലൈനിൽ നിന്ന് മെസ്സി നൽകിയ ബോക്സ് ഡെലിവറികളുടെ കൃത്യതയും ലോകോത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
കളിക്കളത്തിലെ വീര്യവും ആക്രമണ ശൈലിയുംമിക്കവരും കാണാതെ പോകുന്ന മെസ്സിയുടെ ശാരീരിക ക്ഷമതയെയും കളിയിലെ ആക്രമണ സ്വഭാവത്തെയും ജോൺ ടെറി പ്രത്യേകം എടുത്തുപറഞ്ഞു. "ടാക്ലിംഗിൽ അവൻ വളരെ ശക്തനും ആക്രമണകാരിയുമാണ്. ആ ശൈലി അവൻ ആസ്വദിക്കുന്നുമുണ്ട്. കളിയിൽ പല എതിരാളികളും മെസ്സിയെ കടുത്ത ടാക്ലിംഗുകളിലൂടെ പ്രകോപിപ്പിക്കാനും ഭയപ്പെടുത്താനും ശ്രമിക്കാറുണ്ട്. എന്നാൽ അത് അവനെ പിന്നോട്ടടിപ്പിക്കുന്നതിന് പകരം, പന്ത് കാലിൽ കിട്ടുമ്പോൾ കൂടുതൽ തീക്ഷ്ണതയോടെയും ആവേശത്തോടെയും കളിക്കാൻ മാത്രമാണ് സഹായിക്കുന്നതെന്ന്," ടെറി കൂട്ടിച്ചേർത്തു.തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിൽ സ്പെയിനെ നേരിടാൻ അർജന്റീന ഒരുങ്ങുമ്പോൾ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന ചോദ്യത്തിന് തന്റെ പ്രകടനം കൊണ്ട് മെസ്സി ഉത്തരം നൽകിക്കഴിഞ്ഞെന്നാണ് മുൻ താരങ്ങളുടെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."