HOME
DETAILS

ധൈഷണിക പണ്ഡിതപ്രതിഭ

  
ഇസ്മാഈല്‍ അരിമ്പ്ര
July 24, 2026 | 3:23 AM

prof-k-alikutty-musliyar-intellectual-legacy-scholar

മലപ്പുറം: പാണ്ഡിത്യത്തിന്റെ ആകാശത്തോളം ഉയര്‍ന്ന പ്രതിഭയായിരിക്കുമ്പോഴും വിനയത്താൽ ഭൂമിയോളം താഴ്ന്ന പ്രകൃതം. ഉന്നത ശീര്‍ഷരായ പണ്ഡിതകുലപതികളുടെ ശിഷ്യത്വവും സഹവാസവും ആവോളം നേടിയ സാത്വികന്‍.  സമുദായത്തിന് ദിശാബോധവും സ്‌നേഹനിര്‍മലമായ തലോടലും  നല്‍കിയ പണ്ഡിതകാരണവരാണ് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.  ആലിക്കുട്ടി മുസ് ലിയാർ. അരനൂറ്റാണ്ടിലേറെ കാലം സമസ്തയ്ക്ക് നേതൃത്വം പകര്‍ന്ന  അനുഭവസമ്പത്തിന്റെ മഹാ വ്യക്തിത്വമാണ് പ്രസ്ഥാനദൗത്യത്തെ രണ്ടാം നൂറ്റാണ്ടിന്റെ തലമുറയ്ക്ക് കൈമാറി വിട ചോദിച്ചത്. 
വള്ളുവനാടന്‍ ഗ്രാമാന്തരീക്ഷത്തില്‍നിന്ന് ജ്ഞാനതൃഷ്ണയോടെ ഇറങ്ങിത്തിരിച്ച ആലിക്കുട്ടി മുസ് ലിയാര്‍, ഒരുനൂറ്റാണ്ട് പിന്നിട്ട  കേരള മുസ് ലിം പരമോന്നത പണ്ഡിതസഭയുടെ ആറാമത്തെ മുഖ്യകാര്യദര്‍ശിയാണ്. പ്രാസ്ഥാനിക രംഗത്തെ ബൗദ്ധിക സാന്നിധ്യമായ അദ്ദേഹം അരനൂറ്റാണ്ടിലേറെ കാലം അറിവു പകര്‍ന്നു നല്‍കിയ മഹാ ഗുരുവാണ്. കണ്ണിയത്ത് അഹ്‌മദ് മുസ് ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ് ലിയാര്‍ തുടങ്ങിയ മഹാരഥന്മാരുടെ നിരന്തര സഹവാസവും ശിഷ്യത്വവുമാണ് അദ്ദേഹത്തിലെ നേതൃപാടവത്തെ ഊതിക്കാച്ചിയെടുത്തത്. ആയിരക്കണക്കിന് ഫൈസി പണ്ഡിതര്‍ക്ക് അറിവിന്റെ അമൃത് പകർന്നേകിയ ആലിക്കുട്ടി മുസ് ലിയാര്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പ്രൊഫസര്‍ എന്ന വിളിപ്പേരിൽ അറിയപ്പെട്ടു. 'ശൈഖുല്‍ ജാമിഅ' എന്ന വൈജ്ഞാനിക പദവിയിലാണ് പണ്ഡിതലോകത്തിന് ഈ കേരളീയ പണ്ഡിതനെ സുപരിചിതമായത്.
25ാം വയസില്‍ പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായി തുടങ്ങിയതാണ് സമസ്തയുടെ നേതൃനിരയിലെ ആ സാന്നിധ്യം. 31ാം വയസ്സില്‍ മലപ്പുറം ജില്ലാ ഉപാധ്യക്ഷനായും നാല്‍പത്തൊന്നാം വയസ്സില്‍ കേന്ദ്ര മുശാവറയുടെ പരമോന്നത സഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ സമസ്ത ജോ. സെക്രട്ടറിയും 2016ല്‍ ജനറല്‍ സെക്രട്ടറിയുമായി. സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ പദവി വഹിച്ചത് ആലിക്കുട്ടി മുസ് ലിയാരായിരുന്നു. 2024ല്‍ ബംഗളൂരുവില്‍ നടന്ന ശതാബ്ദി പ്രചാരണോദ്ഘാടന വേദിയില്‍ സമ്മേളന തീയതി പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ശതാബ്ദി സന്ദേശയാത്രയുടെ  കൊടി കൈമാറിയതും സമ്മേളനത്തിന് മുന്നോടിയായി മദീനാ മുനവ്വറയില്‍നിന്ന് ലോക രാജ്യങ്ങളിലെ മഹാന്മാരുടെ മസാറുകളില്‍ നിന്നും എത്തിച്ച സമസ്തയുടെ കൊടി വരക്കല്‍ മഖാമില്‍വച്ച് ഏറ്റുവാങ്ങാനും ആലിക്കുട്ടി ഉസ്താദ് എത്തി. ക്ഷീണം വകവയ്ക്കാതെ ശതാബ്ദി സമ്മേളന ദിവസങ്ങളില്‍ കാസര്‍കോട്ടെത്തിയ ഉസ്താദ് നൂറിലൊരു കൊടി വാനിലുയര്‍ത്തിയും സമ്മേളന വേദിയിലിരുന്നും തന്റെ മുന്‍ഗാമികള്‍ കൈമാറിയ ആദര്‍ശ പ്രസ്ഥാനത്തെ പുതുതലമുറയ്ക്ക് കൈമാറ്റം ചെയ്തു.  
പ്രസ്ഥാനത്തിന്റെ ബൗദ്ധിക നട്ടെല്ലായിരുന്നു ആലിക്കുട്ടി മുസ് ലിയാര്‍. വെജ്ഞാനിക രംഗത്ത് ഒട്ടേറെ പുതിയചലനങ്ങള്‍ സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു. സാമുദായികവും സാമൂഹികമായ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തി സമസ്തയ്ക്കു വേണ്ടി മുസ് ലിം സമുദായത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിന് ആവശ്യമായ നിയമനപടികള്‍ക്ക് സുപ്രിംകോടതിയെ സമീപിച്ചതും ആലിക്കുട്ടി മുസ് ലിയാരുടെ നേതൃത്വത്തിലായിരുന്നു. കേരള മുസ് ലിംകളുടെ ശാക്തീകരണത്തിനും ദേശീയ രംഗത്ത് സമസ്തയുടെ സന്ദേശപ്രചാരണത്തിനും പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും ദേശീയ തലത്തില്‍ സമസ്തയെ ശക്തിപ്പെടുത്തുന്നതിലും അതീവ തൽപ്പരനായിരുന്ന ആലിക്കുട്ടി മുസ് ലിയാര്‍ ശതാബ്ദി കാലയളവിലെ പുതിയ ദേശീയ ചലനങ്ങള്‍ക്ക് ആരംഭം കുറിച്ചാണ് വിടവാങ്ങുന്നത്. അറബ്, പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ പണ്ഡിത, സൂഫീ നേതൃത്വവുമായി ആഴത്തിലുള്ള ബന്ധം പുലര്‍ത്തിയ അദ്ദേഹം സമസ്തയുടേയും ജാമിഅ നൂരിയയുടെയും നേതൃത്വത്തിലുള്ള വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ ലോകരാഷ്ട്രങ്ങളില്‍ പരിചയപ്പെടുത്തിയും അവിടെയുള്ള പണ്ഡിത്മാരുമായുള്ള ബന്ധത്തിലൂടെ സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തിലെത്തിക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസരമായിരുന്നു. 
അനേകായിരങ്ങള്‍ക്ക് അറിവ് പകര്‍ന്നും പണ്ഡിത പ്രസ്ഥാനത്തിന്റെയും പോഷകഘടകങ്ങളുടെയും സംഘാടകനായും നേതൃപദവി വഹിച്ച ആലിക്കുട്ടി മുസ് ലിയാര്‍ സമസ്ത കേന്ദ്ര മുശാവറയിലിരിക്കെ എഴുപതാം വാര്‍ഷികം (കോഴിക്കോട്), പ്ലാറ്റിനം ജൂബിലി (മേഖലാ സമ്മേളനങ്ങള്‍), 85ാം വാര്‍ഷികം (കൂരിയാട്), 90ാം വാര്‍ഷികം (ആലപ്പുഴ) എന്നിവയുടെ സംഘാടനത്തില്‍ വലിയ പങ്കുവഹിച്ചു. 
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നടന്ന തൊണ്ണൂറാം വാര്‍ഷികത്തിന് മുന്നോടിയായി ദക്ഷിണകേരളാ സന്ദേശയാത്ര നയിച്ചത് ആലിക്കുട്ടി മുസ് ലിയാരായിരുന്നു. കന്യാകുമാരിയിലെ കുളച്ചലില്‍നിന്ന് ആലപ്പുഴ വരെ തെക്കന്‍കേരളത്തിന്റെ ഹൃദയങ്ങളെ കീഴടക്കിയ യാത്ര സമസ്തയുടെ ജനകീയ സ്വീകാര്യതയുടെ വലിയൊരു അടയാളപ്പെടുത്തലായിരുന്നു. എസ്.വൈ.എസിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ക്കും സി.എച്ച് ഹൈദ്രോസ് മുസ് ലിയാര്‍ക്കുമൊപ്പം നിര്‍ണായക പങ്കുവഹിച്ചു. ബാബരി മസ്ജിദ് തകര്‍പ്പെട്ട 1992ല്‍ ഉമറലി തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശാന്തിയാത്രയുടെ നേതൃനിരയിലും ഉണ്ടായിരുന്നു. 2005ല്‍ കുറ്റിപ്പുറം ഖുതുബുസ്സമാന്‍ നഗറില്‍ സുവര്‍ണ ജൂബിലി, 2013ല്‍ കാസര്‍കോട് വാദി ത്വെെബയിൽ നടന്ന അറുപതാം വാര്‍ഷികം തുടങ്ങി എസ്.വൈ.എസ് ചരിത്രസമ്മേളനങ്ങള്‍ സംഘടിപ്പിച്ചത് ആലിക്കുട്ടി മുസ് ലിയാരുടെ കാലയളവിലാണ്. തന്റെ ഏതൊരു വിജയവും ഗുരുവായ ശംസുല്‍ ഉലമായുടെയും മുന്‍ഗാമികളുടെയും തണലില്‍ കൈവന്നതാണെന്ന് വിശ്വസിച്ച എളിമയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. ശംസുല്‍ ഉലമായുടെ മക്കളും പേരമക്കളുമാണ് ഈ നേട്ടം കൊയ്‌തെന്നതായിരുന്നു ഏതു വലിയനേട്ടങ്ങളെയും പതിനായിരങ്ങളുടെ സമ്മേളനവേദികള്‍ ആലിക്കുട്ടി മുസ് ലിയാര്‍ പരിചയപ്പെടുത്തിയത്. അളന്നുമുറിച്ച വാക്കുകള്‍, സ്‌നേഹസമ്പന്നമായ പെരുമാറ്റം, ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങള്‍ ഇതെല്ലാം കൊണ്ട് അനുയായികളുടെ ഹൃദയത്തില്‍ വലിയൊരു സ്ഥാനം അദ്ദേഹം നേടിയെടുത്തു. മുന്‍ഗാമികള്‍ കാണിച്ചുതന്ന ആദര്‍ശ വഴിയില്‍ ഉറച്ചുനിന്ന്, സമസ്തയെ ആഗോള തലത്തിലേക്ക് ഉയര്‍ത്തിയ ധൈഷണിക സാന്നിധ്യമാണ് പ്രസ്ഥാന ദൗത്യത്തെ സംഘടനയുടെ രണ്ടാം നൂറ്റാണ്ടിലേക്ക് കൈമാറി കടന്നുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  4 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  5 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  5 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  5 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  5 hours ago