യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ
ഷാർജ: പ്രത്യേക പരിഗണന അർഹിക്കുന്ന വ്യക്തികൾക്ക് യുഎഇ യിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഇനി മുതൽ പ്രത്യേക പരിഗണന ലഭിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു. അത്തരം വ്യക്തികൾക്ക് പാസ്‌പോർട്ട് സേവനങ്ങൾക്കായി സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്താമെന്നും, ഇനിമുതൽ മുൻകൂർ അപ്പോയിന്റ്‌മെന്റ് ഒഴിവാക്കുമെന്നും, അവർക്ക് ക്യൂ ഒഴിവാക്കി മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാർക്കും കൗണ്ടറുകളിൽ മുൻഗണനാ സേവനം ലഭിക്കും.
ഷാർജാ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഇന്ത്യൻ സമൂഹവുമായുള്ള ഇൻ്റർ ആക്റ്റീവ് സെഷനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കോൺസുലേറ്റ് (കൾച്ചർ) കോൺസൽ ജോയ്ദീപ് മൊഹന്തോ ചടങ്ങിൽ സന്നിഹിതനായിരുന്നു.
അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ട്രഷറർ ഷാജി ജോൺ നന്ദി രേഖപ്പെടുത്തി.
നോർത്തേൺ എമിറേറ്റുകളിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ ഭാരവാഹികൾ, അജ്മാൻ, ഫുജൈറ, കോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സമൂഹത്തിന് പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിലും, ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺസുലേറ്റിന് നൽകി വരുന്ന പിന്തുണയിലും അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ യു.എ.ഇയിലെ ഇന്ത്യൻ സമൂഹം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രവാസി ഇന്ത്യൻ സമൂഹമായി യുഎഇയിലെ ഇന്ത്യൻ പ്രവാസ സമൂഹം മാറിയതായും അംബാസഡർ ചൂണ്ടിക്കാട്ടി.
അബുദാബിയിലും ദുബായിയിലും രാജ്യത്തിന് പുറത്തെ ആദ്യത്തെ ഐ.ഐ.ടി, ഐ.ഐ.എം കാമ്പസുകൾ സ്ഥാപിച്ചത് ഈ വളർച്ചയുടെ പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കുടുംബ വർഷം (Year of Family) എന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, എമിറാത്തി കുടുംബങ്ങളുമായി സൗഹൃദം സ്ഥാപിക്കണം. ഇന്തോ-അറബ് ബന്ധം കൂടുതൽ ദൃഢമാക്കാൻ, എമിറാത്തി - ഇന്ത്യൻ യുവജനങ്ങൾക്കിടയിൽ നല്ല സൗഹൃദ കൂട്ടായ്മകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഇൻ്ററാക്റ്റീവ് സെഷനിൽ നിരവധി പ്രവാസികളാണ് പങ്കെടുത്തത്.
സമൂഹത്തിന്റെ ഭാഗത്തുനിന്നും അതിയായ ആവേശമാണ് പരിപാടിയിൽ ദൃശ്യമായത്. പുത്തൂർ റഹ്മാൻ , രാജീവ് പിള്ള, മാത്തുക്കുട്ടി , അഡ്വ വൈ എ റഹീം, വാഹിദ് നാട്ടിക, അജയ്, ഫർസാന,
വിനോദ് മുള്ളേരി, അഡ്വ അജി കുര്യാക്കോസ്, തുടങ്ങി വിവിധ തുറകളിൽ പെട്ട നിരവധി പ്രവാസികൾ അംബാസഡറുമായി നേരിട്ട് സംവദിക്കുകയും തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെച്ചു. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളിൽ ഗൗരവപൂർണമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തനം ആരംഭിച്ച, അൽ ഹിന്ദ് പാസ്പോർട്ട്, കോൺസുലാർ സർവീസ് സേവന കേന്ദ്രം അദ്ദേഹം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
English summary : Indian Ambassador to the UAE, Dr. Deepak Mittal, has announced that persons with disabilities will now receive special priority at Indian Passport Seva Centres across the UAE. Eligible applicants can visit service centres directly without a prior appointment and will receive priority service without waiting in regular queues. Senior citizens will also continue to receive priority assistance at service counters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."