ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ
ദോഹ : ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഇന്ത്യൻ വിദേശകാര്യ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനായ ഡോ. കെ. ശ്രീകർ റെഡ്ഡിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അംബാസഡർ വിപുലിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2001 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. ശ്രീകർ റെഡ്ഡി നിലവിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലാണ്. അദ്ദേഹം ഉടൻ തന്നെ ദോഹയിൽ ചുമതലയേൽക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി സ്വദേശിയായ ഡോ. ശ്രീകർ റെഡ്ഡി വരംഗലിലെ കാകതീയ മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ശേഷമാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്നത്. ജർമനി, സ്വിറ്റ്സർലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളിലും ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011 മുതൽ 2014 വരെ ഹൈദരാബാദിലെ റീജണൽ പാസ്‌പോർട്ട് ഓഫീസറായിരുന്ന അദ്ദേഹം അന്നത്തെ ആന്ധ്രാപ്രദേശിലെ പാസ്‌പോർട്ട് സേവനങ്ങളിൽ വിവിധ പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.
സാൻ ഫ്രാൻസിസ്കോയിലെ നിയമനത്തിന് മുമ്പ് വാണിജ്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), ഇന്ത്യ-മൗറീഷ്യസ് സി.ഇ.പി.എ എന്നിവയുടെ ചർച്ചകളിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ബ്രിട്ടനുമായും ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്കും നേതൃത്വം നൽകിയിരുന്നു.
ഈ നിയമനത്തോടെ ഖത്തറിൽ ഇന്ത്യയുടെ അംബാസഡറാകുന്ന രണ്ടാമത്തെ തെലങ്കാന സ്വദേശിയാകും ഡോ. ശ്രീകർ റെഡ്ഡി. 1983 മുതൽ 1986 വരെ ഖത്തറിലെ ഇന്ത്യൻ അംബാസഡറായിരുന്ന പരേതനായ പ്രൊഫ. ദൊറൈ ബഷീറുദ്ദീനിന് ശേഷമാണ് ഈ നേട്ടം. ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്ന് ഖത്തറിലാണുള്ളത്. അവരിൽ ഗണ്യമായൊരു വിഭാഗം തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
English summary : The Government of India (GoI) has appointed Dr K Srikar Reddy as the next Ambassador to the State of Qatar, the Ministry of External Affairs (MEA) announced on Friday, July 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."