ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ
ന്യൂഡൽഹി: രാജി ആവശ്യപ്പെട്ട് ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനൊപ്പം രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ഭാവി സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും.
മന്ത്രി രാജിവയ്ക്കുകയോ അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് മാറ്റുകയോ ചെയ്തേക്കുമെന്നാണ് സൂചന. ഇന്നലെ ജന്തർമന്തറിലെ സമരക്കാരുടെ പ്രതിനിധികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുമായി കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി നദ്ദ എന്നിവർ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടത്തിയ ചർച്ചയിൽ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഇന്നു തീരുമാനമെടുക്കാമെന്ന് അറിയിച്ചതായാണ് വിവരം. തങ്ങളുടെ മറ്റു രണ്ട് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായി സമരക്കാരുടെ പ്രതിനിധികൾ അറിയിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പാർലമെന്റ് മാർച്ചിന്റെ പേരിൽ യുവാക്കൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കുക എന്നീ ആവശ്യങ്ങളിലാണ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ഉച്ചവരെ സമയം വേണമെന്നാണ് കേന്ദ്രം അറിയിച്ചത്.
തീരുമാനമെടുക്കാൻ 24 മണിക്കൂർ സമയം നൽകിയതായും ധർമേന്ദ്ര പ്രധാനെ നീക്കുമെന്ന് തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും സമരക്കാരുടെ പ്രതിനിധികൾ പറഞ്ഞു. ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും അശുതോഷ് റാങ്ക പറഞ്ഞു. ഇന്നലെ രണ്ട് മണിക്കൂറോളമാണ് മന്ത്രിമാർ സമരക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. തങ്ങളുടെ മൂന്ന് ആവശ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നായിരുന്നു ഇരുവരും മന്ത്രിമാരെ അറിയിച്ചത്. വിദ്യാർഥികൾക്കെതിരേ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്നും ഭാവിയിൽ ആരെയും ലക്ഷ്യം വയ്ക്കില്ലെന്ന് സർക്കാർ രേഖാമൂലമുള്ള ഉറപ്പ് നൽകണമെന്നു കൂടി ആവശ്യപ്പെട്ടതായും സൗരവ് പറഞ്ഞു.
കടുത്ത നിയന്ത്രണം തുടരുന്നു
സമരം തുടരുന്ന രാജ്യതലസ്ഥാനത്ത് ഇന്റർനെറ്റ് നിയന്ത്രണവും യാത്രാ നിയന്ത്രണവും തുടരുന്നു.
ഇന്നലെയും സെൻട്രൽ ഡൽഹിയിൽ മൊബൈൽ ഇന്റർനെറ്റ് നിശ്ചലമായതിനു പുറമെ അടച്ചിട്ട മെട്രോ സ്റ്റേഷനുകളുടെ എണ്ണം 16ൽ നിന്ന് 18 ആയി ഉയർത്തി.
പല സ്റ്റേഷനുകളിലും പിന്നീട് ഭാഗികമായി തുറന്നതായി ഡൽഹി മെട്രോ അവകാശപ്പെടുന്നുണ്ടെങ്കിലും പൊലിസ് തുറക്കാൻ അനുവദിച്ചിട്ടില്ല. ചില സ്റ്റേഷനുകളിൽ പരിമിത ഗേറ്റുകൾ മാത്രമാണ് തുറന്നത്.
എൻ.ടി.എയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻ.ടി.എ)നിന്ന് ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 47 പേരെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു.
ഇവരിൽ ചിലർക്കെതിരെ നിയമ-ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൂടുതൽ ഉദ്യോഗസ്ഥർക്കെതിരേ വരുംദിവസങ്ങളിൽ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം രാത്രിയിൽ വിദ്യാഭ്യാസ സെക്രട്ടറിയെ കേന്ദ്രസർക്കാർ മാറ്റിയിരുന്നു. സെക്രട്ടറി വിനീത് ജോഷിയെ പഞ്ചായത്ത് രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്.
പിന്നാലെ പരീക്ഷാ പേപ്പർ ചോർച്ച തടയാൻ ശക്തമായ പുതിയ നിയമം ഉടൻ വരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാത്രിയിൽ വിഡിയോ സന്ദേശം നൽകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."