യുനൈറ്റഡിനെ നാണംകെടുത്തി വാട്‌ഫോര്‍ഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വമ്പന്‍ തോല്‍വി. ദുര്‍ബലരായ വാട്‌ഫോര്‍ഡിനോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് യുനൈറ്റഡ് തോല്‍വി ഏറ്റുവാങ്ങിയത്. എറ്റിയെന്‍ കപോയു, കാമിലോ സുനിഗ, ട്രോയ് ഡീനി എന്നിവര്‍ വാട്‌ഫോര്‍ഡിനായി സ്‌കോര്‍ ചെയ്തു. 62ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡാണ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
വാട്‌ഫോര്‍ഡിനെതിരേ കടുത്ത സമ്മര്‍ദവുമായിട്ടാണ് യുനൈറ്റഡ് കളത്തിലിറങ്ങിയത്. സിറ്റിയോട് പ്രീമിയര്‍ ലീഗിലും ഫെയ്‌നൂര്‍ദ് റോട്ടര്‍ഡാമിനോട് ചാംപ്യന്‍ലീഗിലും തോറ്റ യുനൈറ്റഡ് വാറ്റ്‌ഫോര്‍ഡിനോടും ദുരന്തം ആവര്‍ത്തിക്കുകയായിരുന്നു. യുനൈറ്റഡ് കോച്ച് മൗറീഞ്ഞോയുടെ കരിയറില്‍ ആദ്യമായിട്ടാണ് തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ പരിശീലിപ്പിക്കുന്ന ടീം നേരിടുന്നത്. 30 വര്‍ഷത്തിനിടെ യുനൈറ്റഡ് വാറ്റ്‌ഫോര്‍ഡിനോട് പരാജയപ്പെടുന്നതും ആദ്യമായിട്ടാണ്.
വാട്‌ഫോര്‍ഡിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഡാരില്‍ ജാന്‍മാത്തിന്റെ മികച്ച നീക്കങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് യുനൈറ്റഡ് താരങ്ങള്‍ പ്രതിരോധിച്ചത്. തൊട്ടുപിന്നാലെ തന്നെ ഹോസെ ഹോലെബാസിന്റെ മികച്ചൊരു നീക്കം അന്റോണിയോ വലന്‍സിയ പ്രതിരോധിച്ചു. പിന്നീട് തുടരെ റോബര്‍ട്ടോ പെരേരയും ഇഗ്ഹാലോയും നടത്തിയ നീക്കങ്ങള്‍ യുനൈറ്റഡിനെ ഞെട്ടിച്ചു. എന്നാല്‍ ഫിനിഷിങിലെ പോരായ്മ വാറ്റ്‌ഫോര്‍ഡിന് ആദ്യ ഘട്ടത്തില്‍ ഗോള്‍ നേടുന്നതില്‍ നിന്ന് പിന്നോട്ടടിച്ചു. 34ാം മിനുട്ടില്‍ വാറ്റ്‌ഫോര്‍ഡ് മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. ബ്രിട്ടോസും ജാന്‍മാത്തും ചേര്‍ന്നു നടത്തിയ തകര്‍പ്പനൊരു നീക്കത്തില്‍ പന്ത് ലഭിച്ച കപോയു അനായാസം ഗോള്‍ നേടുകയായിരുന്നു.
ആദ്യ പകുതില്‍ വാട്‌ഫോര്‍ഡ് പിന്നെയും നീക്കങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ഉയര്‍ത്താനായില്ല. എന്നാല്‍ യുനൈറ്റഡ് നിരയില്‍ വെയ്ന്‍ റൂണി നിറം മങ്ങിയത് സ്‌കോറിങില്‍ തിരിച്ചടിയായി. രണ്ടാം പകുതിയില്‍ യുനൈറ്റഡ് മികവു പ്രകടിപ്പിച്ചു. 62ാം മിനുട്ടില്‍ ടീം സമനില പിടിക്കുകയും ചെയ്തു. ഇബ്രാഹിമോവിച്ച് നല്‍കിയ പാസില്‍ ക്ലോസ് റേഞ്ച് ഷോട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ ഗോള്‍ മടക്കിയിട്ടും വേണ്ടത്ര മികവു പ്രകടിപ്പിക്കാന്‍ യുനൈറ്റഡിന് സാധിച്ചില്ല.
വാറ്റ്‌ഫോര്‍ഡിന്റെ നിരന്തര നീക്കങ്ങള്‍ യുനൈറ്റഡിന്റെ പ്രതിരോധത്തെ ഭേദിച്ചു കൊണ്ടിരുന്നു. 83ാം മിനുട്ടില്‍ പെരേര നല്‍കിയ പാസില്‍ സുനിഗയാണ് സ്‌കോര്‍ ചെയ്തത്. പകരക്കാരനായി ഇറങ്ങി ആദ്യ മിനുട്ടില്‍ തന്നെയായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ അധിക സമയത്തായിരുന്നു ടീമിന്റെ മൂന്നാം ഗോള്‍ പിറന്നത്. സുനിഗയെ ഫെല്ലിനി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഡീനീ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് സ്റ്റോക് സിറ്റിയെയും സതാംപ്ടന്‍ എതിരില്ലാത്ത ഒരു ഗോളിന് സ്വാന്‍സിയെയും പരാജയപ്പെടുത്തി.
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ലാസ് പാല്‍മാസ് എതിരില്ലാത്ത ഒരു ഗോളിന് മലാഗയെ പരാജയപ്പെടുത്തി. മോമോ പാല്‍മാസിന്റെ വിജയഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ സെല്‍റ്റ ഡി വിഗോ-ഒസാസുന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."