Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍
മസ്‌കത്ത്/ ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളെയും വീണ്ടും ചര്‍ച്ചയിലെത്തിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായതായി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖത്തറിന്റെയും പാകിസ്താന്റെയും നേതൃത്വത്തില്‍ നടക്കുന്ന രഹസ്യ ചര്‍ച്ചകളിലൂടെ ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിക്കാനാണ് ശ്രമം.
കഴിഞ്ഞ മൂന്ന് ദിവസമായി അമേരിക്കയോ ഇറാനോ പരസ്പരം ആക്രമണം നടത്തിയിട്ടില്ല. ഏകദേശം രണ്ടാഴ്ചയോളം നീണ്ട കനത്ത വ്യോമാക്രമണങ്ങള്‍ക്കൊടുവിലാണ് ഇരുപക്ഷവും ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെയാണ് പുതിയ നയതന്ത്ര നീക്കങ്ങള്‍ പ്രതീക്ഷ നല്‍കുന്നത്.
പ്രധാന ചര്‍ച്ച ഹോര്‍മുസ് കടലിടുക്ക്
ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇറാനും ഒമാനും ചേര്‍ന്ന് കപ്പല്‍ഗതാഗത നിയന്ത്രണത്തിനുള്ള പുതിയ സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗായീ അറിയിച്ചു.
എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മധ്യസ്ഥ രാജ്യങ്ങള്‍ വഴിയാണ് സന്ദേശങ്ങള്‍ കൈമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിക്ക് നേരെ ഡ്രോണ്‍ ആക്രമണശ്രമം
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും മേഖലയിലെ സംഘര്‍ഷം പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഇറാഖി സായുധസംഘങ്ങള്‍ സൗദി അറേബ്യയിലെ എണ്ണസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് അയച്ച ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി സൗദി അറിയിച്ചു.
അതേസമയം, യെമനിലെ ഹൂത്തി വിമതരും സൗദിയിലെ എണ്ണസ്ഥാപനങ്ങള്‍ ആക്രമിച്ചതായി അവകാശപ്പെട്ടു. ഇരു സംഭവങ്ങളും ഒന്നുതന്നെയാണോയെന്ന് വ്യക്തമായിട്ടില്ല.
ജോര്‍ദാനും രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി അറിയിച്ചു. ഇറാഖിലെ ഇറാന്‍ വിരുദ്ധ കുര്‍ദ് സംഘടനകള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല.
കപ്പല്‍ഗതാഗതം കുറഞ്ഞു
അമേരിക്കന്‍ നാവികസേനയുടെ മേല്‍നോട്ടത്തിലുള്ള സമുദ്ര നിരീക്ഷണ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ഗതാഗതം കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയ ആക്രമണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ബാബുല്‍മന്ദബ് കടലിടുക്കിലും ആശങ്ക തുടരുകയാണ്. കഴിഞ്ഞ ആഴ്ച സൗദി കപ്പലുകള്‍ ഉപരോധിക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു സൗദി എണ്ണക്കപ്പലിന് നേരെയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
ആണവ ചര്‍ച്ചകള്‍ ഇപ്പോഴും അനിശ്ചിതം
ഇടക്കാല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 60 ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്ന ഇറാന്റെ ആണവ പദ്ധതിയടക്കമുള്ള നിര്‍ണായക വിഷയങ്ങള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ആദ്യം സംഘര്‍ഷം ശമിപ്പിച്ച് ഇരുരാജ്യങ്ങളെയും തുടര്‍ചര്‍ച്ചകളിലേക്ക് എത്തിക്കാനാണ് മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം.
നിലവിലെ സാഹചര്യത്തില്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ കുറഞ്ഞെങ്കിലും ഗള്‍ഫ് മേഖലയിലെ സുരക്ഷാ ആശങ്കകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഹോര്‍മുസ്, ബാബ് അല്‍മന്ദബ് കടലിടുക്കുകളിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര എണ്ണവിപണിയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും തുടര്‍ന്നും സ്വാധീനിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
English Summary: Mediators led by Qatar and Pakistan have made progress in efforts to bring the US and Iran back to negotiations after both sides paused military attacks for three days. Talks are focused on restoring an interim ceasefire and ensuring safe navigation through the tSrait of Hormuz. Despite the diplomatic progress, regional tensions persist with drone attacks targeting Saudi oil facilities and other incidents involving Iran-backed groups. US President Donald Trump said negotiations were underway but warned military action could resume if talks fail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."