UAE weather forecast: യുഎഇയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഉള്‍പ്രദേശങ്ങളില്‍ ചൂട് 48°C വരെ
ദുബൈ: യുഎഇയില്‍ ഇന്നും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ മേഖലയിലും ചില ഉള്‍പ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. എന്നാല്‍ കിഴക്കന്‍ മലനിരകളില്‍ രൂപംകൊള്ളുന്ന സംവഹന മേഘങ്ങള്‍ ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിച്ച് മഴയ്ക്ക് കാരണമാകുമെന്നാണ് പ്രവചനം. കിഴക്കുനിന്നുള്ള ഉപരിതല ന്യൂനമര്‍ദവും മുകളിലെ അന്തരീക്ഷത്തിലെ ന്യൂനമര്‍ദ സംവിധാനവും ചേര്‍ന്നാണ് ഈ കാലാവസ്ഥാ വ്യതിയാനം രൂപപ്പെട്ടിരിക്കുന്നതെന്ന് എന്‍സിഎം വ്യക്തമാക്കി.
ഉള്‍പ്രദേശങ്ങളില്‍ താപനില 43°C മുതല്‍ 48°C വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 37°C മുതല്‍ 42°C വരെയും മലനിരകളില്‍ 31°C മുതല്‍ 37°C വരെയും ഉയരുമെന്നാണ് പ്രവചനം.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ എത്താന്‍ സാധ്യതയുണ്ട്. ഉള്‍പ്രദേശങ്ങളിലും മലനിരകളിലും ചില സമയങ്ങളില്‍ ശക്തമായ കാറ്റ് വീശുകയും പൊടിക്കാറ്റ് രൂപപ്പെടുകയും ചെയ്യുന്നതിനാല്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അറേബ്യന്‍ ഉള്‍ക്കടലിലും ഒമാന്‍ കടലിലും കടല്‍ പൊതുവേ ശാന്തമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അതേസമയം, ശനിയാഴ്ചവരെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ അനുകൂല സാഹചര്യം തുടരുമെന്നും ഇതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍സിഎം അറിയിച്ചു. വ്യാഴാഴ്ച മുതല്‍ താപനില നേരിയ തോതില്‍ ഉയരാനിടയുണ്ടെങ്കിലും ഇടയ്ക്കിടെ ശക്തമായ കാറ്റ് തുടരാനാണ് സാധ്യത.
English Summary:
The UAE is expected to see another day of unstable summer weather today, with the National Centre of Meteorology (NCM) forecasting rainfall over eastern and some inland areas as convective clouds spread beyond the mountains, accompanied by fresh to strong winds and blowing dust.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."