ബുൾഡോസർരാജ് നടപടിക്ക് സ്റ്റേ; മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്ക്ക് ആശ്വാസം
ലഖ്‌നൗ: മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാൻ സ്ഥാപിച്ച യു.പിയിലെ പ്രശസ്തമായ മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്‌ക്കെതിരായ ബുൾഡോസർ രാജിന് താൽക്കാലിക സ്റ്റേ. സർവകലാശാലയുടെ 40 കെട്ടിടങ്ങളിൽ 38 എണ്ണവും അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ബുൾഡോസർ ഉപയോഗിച്ച് തകർക്കാനുള്ള റാംപൂർ വികസന അതോറിറ്റി (ആർ.ഡി.എ)യുടെ നീക്കം മുറാദാബാദ് ഡിവിഷനൽ കമ്മിഷനർ കോടതിയാണ് തടഞ്ഞത്.
കേസിൽ അന്തിമ വാദം കേൾക്കുന്നതുവരെ യാതൊരു കെട്ടിടവും പൊളിക്കരുതെന്ന് കോടതി ഉത്തരവിട്ടു. സർവകലാശാലയുടെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. അപേക്ഷ അംഗീകരിച്ചിരിക്കുകയാണ്. തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ യാതൊരു കെട്ടിടവും പൊളിക്കരുത്. കേസിൽ അന്തിമ വാദം പൂർത്തിയാകുന്നതുവരെ ഈ സ്റ്റേ തുടരും- കോടതി വ്യക്തമാക്കി.
പൊളിക്കൽ നടപടിക്കെതിരായ വിദ്യാർഥികളുടെ പ്രതിഷേധം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് കോടതിയുടെ നടപടി. 2006ൽ ഉത്തർപ്രദേശ് നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല സ്ഥാപിതമായത്. അസം ഖാൻ നേതൃത്വം നൽകിയ മുഹമ്മദ് അലി ജൗഹർ ട്രസ്റ്റാണ് സർവകലാശാലയുടെ ഭരണചുമതല വഹിച്ചിരുന്നത്. നിലവിൽ 2,500ലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
അംഗീകൃത പ്ലാൻ ഇല്ലാതെ നിർമിച്ചെന്നാരോപിച്ച അതോറിറ്റി, 20 ദിവസത്തിനകം കെട്ടിടങ്ങൾ സർവകലാശാല തന്നെ പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം ആർ.ഡി.എ നേരിട്ട് പൊളിച്ച് ചെലവ് സർവകലാശാലയിൽ നിന്ന് ഈടാക്കുമെന്നും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, സർവകലാശാല സ്ഥിതി ചെയ്യുന്ന സിംഗൻ ഖേര ഗ്രാമം 2024 സെപ്റ്റംബർ 27 വരെയും റാംപൂർ വികസന അതോറിറ്റിയുടെ പരിധിയിൽ ഉണ്ടായിരുന്നില്ലെന്നും കെട്ടിടങ്ങൾ നിർമിച്ച സമയത്ത് പ്ലാൻ അംഗീകാരം വാങ്ങേണ്ട നിയമബാധ്യത ഉണ്ടായിരുന്നില്ലെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. ഗ്രാമം മുനിസിപ്പൽ പരിധിയിലോ വികസന അതോറിറ്റിയുടെ പരിധിയിലോ ഉൾപ്പെട്ടിരുന്നില്ലെന്നും നിർമാണം പൂർത്തിയായ ശേഷമാണ് പ്രദേശം ആർ.ഡി.എയുടെ അധികാരപരിധിയിൽ വന്നതെന്നും സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, സർവകലാശാലാ കംപസിലൂടെ കടന്നുപോകുന്ന മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൊതുവഴിയാണെന്ന് ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന റോഡാണെന്ന് വ്യക്തമാക്കുന്ന ബോർഡുകളും സർവകലാശാലയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ചു.
court stays bulldozer action against mohammad ali jauhar university providing major relief to the institution
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."