സൗദിയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കായി 'ന്യൂ മുസ്ലിം' ഡിജിറ്റല്‍ കാര്‍ഡ് സേവനം ആരംഭിച്ചു
റിയാദ്: രാജ്യത്ത് ഇസ്‌ലാം മതം സ്വീകരിക്കുന്നവര്‍ക്കായി പുതിയ ഡിജിറ്റല്‍ 'ന്യൂ മുസ്ലിം' കാര്‍ഡ് സേവനം സൗദി അറേബ്യ ആരംഭിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കുന്നതിന്റെയും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനം നടപ്പിലാക്കിയത്. ഇസ്‌ലാമികകാര്യ, ദഅ്‌വ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ അല്‍ഷെയ്ഖ് ഞായറാഴ്ചയാണ് പുതിയ സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ഇസ്‌ലാം സ്വീകരിക്കാന്‍ അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ അംഗീകാരം ലഭിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഇനി ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. അപേക്ഷയുടെ എല്ലാ ഘട്ടങ്ങളും സ്വയമേവ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നതിലൂടെ നടപടികള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും പൂര്‍ത്തിയാക്കാനാകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
അംഗീകാരം ലഭിച്ച ഉടന്‍ തന്നെ ഡിജിറ്റല്‍ 'ന്യൂ മുസ്ലിം' കാര്‍ഡ് സൗദിയുടെ തവക്കല്‍ന (Tawakkalna) ആപ്പില്‍ ലഭ്യമാകും. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ (SDAIA) സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് കാര്‍ഡ് ഡിജിറ്റലായി കാണിക്കാനും അതിന്റെ സാധുത സ്ഥിരീകരിക്കാനും കഴിയും.
പുതിയ പദ്ധതിയിലൂടെ അപേക്ഷകരുടെ വിവരങ്ങള്‍ കൂടുതല്‍ കൃത്യമായി ശേഖരിക്കാനും വിശ്വാസ്യതയുള്ള റിപ്പോര്‍ട്ടുകളും സ്ഥിതിവിവരക്കണക്കുകളും തയ്യാറാക്കാനും സാധിക്കും. ഭാവിയിലെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഇത് സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ കാര്‍ഡ് പ്രധാനമായും ഒരു ഡിജിറ്റല്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയാണ്. മതപരിവര്‍ത്തനം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനും അതിന്റെ തെളിവ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമാണ് ഇതിന്റെ പ്രധാന ഉപയോഗം.
ഓരോ ഡിജിറ്റല്‍ കാര്‍ഡിലും പ്രത്യേക ക്യുആര്‍ കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ബന്ധപ്പെട്ട അധികാരികള്‍ക്ക് കാര്‍ഡിന്റെ ആധികാരികത ഉടന്‍ പരിശോധിക്കാനും അത് ഇസ്‌ലാമികകാര്യ മന്ത്രാലയം ഔദ്യോഗികമായി നല്‍കിയതാണെന്ന് സ്ഥിരീകരിക്കാനും സാധിക്കും.
കാര്‍ഡിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍:
- * ഇസ്‌ലാം സ്വീകരിക്കുന്നതിനുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാനും അംഗീകാരം നേടാനും സൗകര്യമൊരുക്കുക.
* അംഗീകാരം ലഭിച്ച ഉടന്‍ ഡിജിറ്റല്‍ കാര്‍ഡ് തവക്കല്‍ന ആപ്പില്‍ ലഭ്യമാക്കുക.
* ക്യുആര്‍ കോഡ് ഉപയോഗിച്ച് കാര്‍ഡിന്റെ ആധികാരികത ബന്ധപ്പെട്ട അധികാരികള്‍ക്ക് പരിശോധിക്കാന്‍ കഴിയുക.
* ഇസ്ലാം സ്വീകരിക്കാന്‍ താല്‍പ്പര്യം അറിയിച്ച് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുക.
* ഇസ്‌ലാം സ്വീകരിച്ചതിന്റെ ഔദ്യോഗിക ഡിജിറ്റല്‍ തെളിവായി കാര്‍ഡ് ഉപയോഗിക്കാം.
* ഹജ്ജ്, ഉംറ, അല്ലെങ്കില്‍ ചില മതപരമായ നടപടിക്രമങ്ങളില്‍ മതപരിവര്‍ത്തനത്തിന്റെ തെളിവ് ആവശ്യമായാല്‍ അത് എളുപ്പത്തില്‍ ഹാജരാക്കാം.
* പേപ്പര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതില്ല; മൊബൈലില്‍ തന്നെ ലഭ്യമാകും.
* കാര്‍ഡിന്റെ ആധികാരികത ക്യുആര്‍ കോഡ് വഴി പരിശോധിക്കാം
English Summary:
The Saudi Ministry of Islamic Affairs, Dawah and Guidance, in cooperation with SDAIA, has launched a digital 'New Muslim' Card service through the Tawakkalna app. The system fully automates the process of embracing Islam in the Kingdom, allowing new Muslims to easily access their official digital cards, which feature a QR code for quick verification, as part of Vision 2030's digital transformation efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."