വഖ്ഫ് ബോർഡ് പുനഃസംഘടന: ധൃതി വേണ്ടെന്ന് സർക്കാർ
കൊല്ലം: വഖ്ഫ് ബോർഡ് പുനഃസംഘടനയിൽ പിന്നോട്ട് പോയി സർക്കാർ. ധൃതിപിടിച്ച് പുനഃസംഘടിപ്പിച്ചാൽ അതിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ കൂടി ഉൾപ്പെടുത്തേണ്ടിവരുമെന്നും അത് സുപ്രിംകോടതിയിൽ വഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജിയിൽ തിരിച്ചടി നേരിടാൻ ഇടയാക്കുമെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് അടിയന്തര പുനഃസംഘടനയിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്.
നേരത്തെ, ഹൈക്കോടതിയിലും സുപ്രിം കോടതിയിലും 2025ൽ ഭേദഗതി ചെയ്ത വഖ്ഫ് നിയമത്തിലെ സെക്ഷൻ 14(1) പ്രകാരം പുനഃസംഘടിപ്പിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. അടുത്ത മാസം 18നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. ഈ മാസം 15നുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കേസ് പരിഗണിക്കുന്നതിനു മുമ്പ് നിലവിലുള്ള ബോർഡിനെ അസാധുവാക്കി പുനഃസംഘടിപ്പിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകാനായിരുന്നു ആദ്യം തീരുമാനമെടുത്തത്.
കഴിഞ്ഞ മന്ത്രിസഭാ യോഗം വിഷയം വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. ലീഗിന്റെ രണ്ട് അമുസ്‌ലിം നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചാലോ എന്ന ചർച്ചയും നടന്നു. എന്നാൽ പുനഃസംഘടന വിവാദമായ സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തി സുപ്രിം കോടതിയിലെ സീനിയർ അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മതിയെന്നും അതേസമയം വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകാനും തീരുമാനിച്ചു.
അടുത്ത മാസം 25നാണ് സുപ്രിം കോടതി വഖ്ഫ് നിയമത്തിലെ സെക്ഷൻ 14(1) ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കുന്നത്. വഖ്ഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗും കേരള സർക്കാരും കക്ഷികളാണ്. വഖ്ഫ് എന്നത് ഇസ്‌ലാംമത വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും അമുസ്‌ലികളെ ഉൾപ്പെടുത്തുന്നത് യുക്തി രഹിതമാണെന്നും ഭരണഘടനയിലെ മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ ഈ വകുപ്പ് റദ്ദ് ചെയ്യണമെന്നുമാണ് സുപ്രിം കോടതിയിൽ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ഇതിന് വിരുദ്ധമായി ഇവിടെ പുനഃസംഘടിപ്പിച്ചാൽ കേസിൽ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ധൃതിപിടിച്ച് പുനഃസംഘടന വേണ്ട എന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്.
നിലവിലുള്ള ബോർഡ് മാനദണ്ഡപ്രകാരമുള്ളതല്ലെന്നും എന്നാൽ സുപ്രിം കോടതി കേസ് പരിഗണിക്കുന്നതിനാൽ രണ്ട് അംഗങ്ങളെ ഒഴിച്ചിട്ട് മാനദണ്ഡ പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാം എന്ന നിലപാടായിരിക്കും 18ന് ഹൈക്കോടതിയിൽ സർക്കാർ സ്വീകരിക്കുക എന്നറിയുന്നു. സത്യവാങ്മൂലത്തിൽ, നിലവിലുള്ള ബോർഡിൽ പ്രമുഖ മുസ്‌ലിം പണ്ഡിതനെ നാമനിർദേശം ചെയ്യണമെന്ന വ്യവസ്ഥയിൽ പകരം അഭിഭാഷകനെയാണ് നാമനിർദേശം ചെയ്തതെന്നും വഖ്ഫ് സംരക്ഷണ ചുമതലയുള്ള മുതവല്ലി പ്രതിനിധിയായി നിയോഗിച്ചത് മുതവല്ലിയല്ലാത്തയാളെ ആണെന്നും തുടങ്ങി അക്കമിട്ട് ഹൈക്കോടതിയെ ബോധിപ്പിക്കും.
കൂടാതെ, മാനദണ്ഡ പ്രകാരമല്ലാത്തതിനാൽ വഖ്ഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി സെക്രട്ടറിയെ ബോർഡിലെ എക്‌സ് ഒഫീഷ്യോ അംഗമാക്കണമെന്ന വ്യവസ്ഥയ്ക്കു പകരം നിയമിച്ച നിയമവകുപ്പിലെ അഡീഷനൽ സെക്രട്ടറിയെ മാറ്റി പകരം റവന്യൂ വകുപ്പിൽ വഖ്ഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറി മദീന ബീഗത്തെ എക്‌സ് ഒഫീഷ്യോ അംഗമായി ബോർഡിലേക്ക് നാമനിർദേശം ചെയ്ത് സർക്കാർ പ്രത്യേകം ഉത്തരവിറക്കിയിട്ടുള്ളതും കോടതിയിൽ ചൂണ്ടിക്കാട്ടും. ഹൈക്കോടതിയുടെ അന്തിമവിധി വന്നശേഷം തുടർ നടപടികൾ മതിയെന്നാണ് സർക്കാർ തീരുമാനം.
the state government has informed that there is no need to rush the reorganization of the wakf board, emphasizing a careful and considered approach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."