അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു
അറ്റ്ലാന്റ: സ്പെയിൻ–അർജന്റീന ലോകകപ്പ് ഫൈനലിന് പിന്നാലെ അന്താരാഷ്ട്ര റഫറിയിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പ്രമുഖ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ച്. ന്യൂജേഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടം കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോഴാണ് 46-കാരനായ വിൻസിച്ച് തന്റെ കരിയറിന് ഔദ്യോഗികമായി തിരശ്ശീലയിട്ടത്. സ്ലോവേനിയൻ ഫുട്ബോൾ അസോസിയേഷനാണ് വിരമിക്കൽ വിവരം പുറത്തുവിട്ടത്.
കരിയറിലെ മികച്ച നേട്ടത്തോടെയാണ് കായികലോകത്തെ ഏറ്റവും വലിയ പോരാട്ടം നിയന്ത്രിച്ച ശേഷമുള്ള ഈ പടിയിറക്കം. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഇത്തവണത്തെ ലോകകപ്പിലെ മികച്ച റഫറിയായി തെരഞ്ഞെടുത്തതും വിൻസിച്ചിനെയായിരുന്നു.
ശ്രദ്ധേയമായ കരിയർ
ഇത്തവണ ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങളാണ് വിൻസിച്ച് നിയന്ത്രിച്ചത്. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയെ കീഴടക്കി സ്പെയിൻ ലോകചാമ്പ്യന്മാരായിരുന്നു.
2022 ഖത്തർ ലോകകപ്പ്: അർജന്റീന–സഊദി അറേബ്യ മത്സരം ഉൾപ്പെടെ രണ്ട് കളികളിൽ റഫറിയായി. അർജന്റീനയുടെ 36 മത്സരങ്ങളിലെ അപരാജിത കുതിപ്പ് സഊദി അവസാനിപ്പിച്ച ഈ പോരാട്ടത്തിൽ അർജന്റീനയ്ക്ക് അനുകൂലമായി വിൻസിച്ച് നൽകിയ പെനാൽറ്റി ലയണൽ മെസ്സി ഗോളാക്കി മാറ്റിയിരുന്നു.
യൂറോപ്യൻ ലീഗുകൾ: 2024-ലെ റയൽ മാഡ്രിഡ്–ബൊറൂസിയ ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനൽ, യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, യൂറോപ്പ ലീഗ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, ക്ലബ് ലോകകപ്പ് തുടങ്ങി നിരവധി വൻകിട പോരാട്ടങ്ങൾക്ക് അദ്ദേഹം വിസിലൂതിയിട്ടുണ്ട്.
മികച്ച റഫറിയിങ് കരിയറിനിടയിലും ചില വൻ വിവാദങ്ങളിലും വിൻസിച്ച് ഉൾപ്പെട്ടിട്ടുണ്ട്. 2020-ൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിലെ ബിജെൽജിനയിൽ മയക്കുമരുന്ന്-പെൺവാണിഭ സംഘത്തെ പിടികൂടാൻ പൊലിസ് നടത്തിയ റെയ്‌ഡിനിടെ വിൻസിച്ചിനെ കസ്റ്റഡിയിലെടുത്തത് വലിയ വാർത്തയായിരുന്നു.
കൊക്കെയ്ൻ പാക്കറ്റുകൾ, 10 പിസ്റ്റളുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, വൻ തുക എന്നിവ പൊലിസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഒമ്പത് സ്ത്രീകളും 26 പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമാണ് പൊലിസ് ഇദ്ദേഹത്തെയും കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."