ദേവകിക്ക് ഇനി സ്‌നേഹസദനത്തില്‍ സ്വസ്ഥമായി കഴിയാം
പടിഞ്ഞാറത്തറ: പഞ്ചായത്തിലെ പതിനാറാംമൈല്‍ മുരിക്കിലാമ്പറ്റ കോളനിയിലെ ദേവകിക്ക് സ്വസ്ഥമായി തല ചായ്ക്കാം. ചോര്‍ന്നൊലിക്കാത്ത വീടെന്ന ഇവരുടെ സ്വപ്നം നാട്ടുകാര്‍ സാക്ഷാല്‍ക്കരിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഈ വീട്ടമ്മയും മക്കളും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കൂരയില്‍ മഴയും തണുപ്പുമേറ്റ് വിറങ്ങലിച്ച് കഴിയുകയായിരുന്നു.
നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ 'സ്‌നേഹസദന'ത്തിന്റെ താക്കോല്‍ദാനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇത് ദേവകിക്ക് ഒരിക്കലും മറക്കാനാകാത്ത ഓണസമ്മാനമായി. ഏറെ കഷ്ടപ്പെട്ടാണ് ദേവകി കുടുംബം പുലര്‍ത്തിയിരുന്നത്.
ദുരിത ജീവിതത്തിലും തന്റെ മൂന്ന് മക്കളെ ദേവകി പഠിപ്പിച്ചു. അതിനിടെ രോഗവും തളര്‍ത്തി. ഗര്‍ഭാശയ രോഗത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതോടെ കൂലിപണിയെടുക്കാന്‍ സാധിക്കാതായി. ഈ സാഹചര്യത്തിലാണ് കാരുണ്യഹസ്തവുമായി നാട്ടുകാരെത്തിയത്.
കെ.സി ജോസഫ് കണ്‍വീനറും പി.ആര്‍ പീതാംബരന്‍ ചെയര്‍മാനുമായി ദേവകി ഭവന നിര്‍മാണ സഹായ സമിതി രൂപീകരിച്ച് മൂന്ന് ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് സ്‌നേഹസദനം നിര്‍മിച്ചത്.
വീടിന് കെ.എസ്.ഇ.ബി അധികൃതര്‍ സൗജന്യമായി വൈദ്യുതി കണക്ഷനും നല്‍കി. താക്കോല്‍ദാന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് അധ്യക്ഷനായി.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ഫാ. ജോണി ഇലവുങ്കല്‍, കെ.എസ് സന്തോഷ്, സിന്ധു പുറത്തൂട്ട്, എം.വി ജോണ്‍, ഭവന നിര്‍മാണ സഹായ സമിതി കണ്‍വീനര്‍ കെ.സി ജോസഫ്, ചെയര്‍മാന്‍ പി.ആര്‍ പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."