ഒഴിവാക്കിയ ഫോണിനും കൃത്യമായി ബില്ല് വന്നു ഒഴിയാബാധയായി ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണ്‍
എടച്ചേരി: ഒഴിവാക്കിയ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണിനും കൃത്യമായി ബില്ല് വന്നു. വടകര സബ്ഡിവിഷനു കീഴില്‍ എടച്ചേരി ഓഫിസ് പരിധിയിലുള്ള കോയിമം കണ്ടിയില്‍ ബഷീര്‍ മാസ്റ്റര്‍ക്കാണ് ബി.എസ്.എന്‍.എലിന്റെ പണമടക്കാനുള്ള ബില്ല് ലഭിച്ചത്.
ബഷീര്‍ മാസ്റ്ററുടെ 2545125 നമ്പറിലുള്ള ലാന്‍ഡ്‌ഫോണ്‍ കുറച്ചു കാലമായി തകരാറിലായിരുന്നു. തുടര്‍ന്ന് ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ പരാതി ബോധിപ്പിക്കുകയല്ലാതെ പരിഹാര മാര്‍ഗങ്ങളൊന്നും യഥാസമയം ലഭിച്ചിരുന്നില്ല. പലപ്പോഴും ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായതോടെ ബഷീര്‍ മാസ്റ്റര്‍ ഫോണ്‍ തിരികെ (സറണ്ടര്‍ ) നല്‍കുകയായിരുന്നു.
ജൂലൈ എട്ടിന് ബി.എസ്.എന്‍.എല്‍ ടെലഫോണ്‍ അതോറിറ്റി വടകര കോടതിയില്‍ നടത്തിയ അദാലത്തിലാണ് ഡെപ്പോസിറ്റ് തുക കഴിച്ചുള്ള കുടിശ്ശിക അടച്ച് ബഷീര്‍ റസീറ്റ് വാങ്ങിയത്. ഇതുപ്രകാരം ലാന്‍ഡ്‌ഫോണ്‍ എടച്ചേരി ഓഫിസില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ഫോണ്‍ ഒഴിവാക്കുന്നതിനുള്ള പ്രത്യേക ഫോം പൂരിപ്പിച്ച് വടകര സബ്ഡിവിഷന്‍ ഓഫിസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെ ബി.എസ്.എന്‍.എല്‍ ലാന്‍ഡ്‌ഫോണ്‍ പ്രശ്‌നം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും ബില്ല് വന്നത്. ഒഴിവാക്കിയ ഫോണിന് വീണ്ടും ലഭിച്ച ബില്ല് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്‌കൂള്‍ അധ്യാപകനായ ബഷീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."