വനംവകുപ്പിന്റെ ഇടപെടല്‍ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെകലുങ്ക് നിര്‍മാണം അനിശ്ചിതത്വത്തില്‍
ഹൈറേഞ്ച് വാസികള്‍ കടുത്ത പ്രതിഷേധത്തില്‍
കോതമംഗലം: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ കലുങ്ക് നിര്‍മാണം അനിശ്ചിതത്വത്തിലാക്കിയുള്ള വനംവകുപ്പ് ഇടപെടല്‍ ഹൈറേഞ്ച് വാസികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
വനം വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കലുങ്ക് നിര്‍മാണം തുടങ്ങി രണ്ട് ദിവസത്തിനികം പ്രവൃത്തികള്‍ നിര്‍ത്തിവച്ചു. ആറാംമൈല്‍, വാളറ എന്നിവിടങ്ങളില്‍ കലുങ്കുകളും മൂന്നുകലുങ്ക് ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി നിര്‍മിക്കാനുമുള്ള ദേശീയപാത അധികൃതരുടെ ഒരു കോടി രൂപയുടെ പദ്ധതികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ടെണ്ടര്‍ പൂര്‍ത്തിയാക്കി നിര്‍മാണ ജോലികള്‍ ആരംഭിച്ചപ്പോഴായിരുന്നു വനം വകുപ്പ് അധികൃതര്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യത്തിലായിരുന്നു ഇത്. ആറാം മൈലില്‍ കലുങ്ക് നിര്‍മാണ ജോലികളാണ് അന്ന് വനം വകുപ്പ് അധികൃതര്‍ തടഞ്ഞത്. പിന്നീട് വനം, ദേശീയപാത അധികൃതര്‍ യോഗം ചേരുകയും സ്ഥലപരിശോധന നടത്തി മൂന്ന് മീറ്റര്‍ വീതിയില്‍ കലുങ്ക് നിര്‍മാണം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.
തുടര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചെങ്കിലും പണി തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോള്‍ വനം വകുപ്പിലെ മൂന്നാര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ( വിജിലന്‍സ് ) ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ കാണുകയും നേര്യമംഗലം റേഞ്ച് അധികൃതരോട് നിര്‍മാണ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുയുമായിരുന്നു.
ഇക്കഴിഞ്ഞ 25 വനം വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദേശീയ പാതയിലെ കലുങ്ക് നിര്‍മാണം തടസപ്പെടുത്തരുതെന്ന് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി എം.പി അറിയിച്ചിരുന്നു. മലയോര ഹൈവേയില്‍ മുടങ്ങിക്കിടന്ന നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാനും യോഗത്തില്‍ ധാരണയായതായും എം.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും നിര്‍മാണ ജോലികള്‍ ആരംഭിക്കാനായിട്ടില്ല. ദേശീയപാതയില്‍ വീതി കുറഞ്ഞ, ഇടുങ്ങിയ ഭാഗമാണ് ആറാം മൈല്‍, വാളറ, മൂന്ന് കലുങ്ക് തുടങ്ങിയവ. നിര്‍മാണ ജോലികള്‍ അനന്തമായി നീണ്ടുപോകുന്നതില്‍ ഹൈറേഞ്ച് വാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."