റിയാദിലെ താമസസ്ഥലത്ത് മലയാളികളെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച
റിയാദ്: തലസ്ഥാന നഗരിയായ റിയാദില്‍ മലയാളികളുടെ താമസസ്ഥലത്തു അര്‍ധ രാത്രി കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച.
ശുമൈസി ജരാദിയ്യയിലാണ് ശനിയാഴ്ച രാത്രി ആഫ്രിക്കന്‍ വംശജരെന്നു കരുതുന്നവര്‍ കവര്‍ച്ച നടത്തിയത്. ഉത്തരേന്ത്യക്കാരും ആറ് മലയാളികളുമടക്കം 12 ഓളം പേര്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. അര്‍ധ രാത്രി ഫ്‌ളാറ്റില്‍ കടന്നുകൂടിയ മോഷ്ടാക്കള്‍ ചാരിയിട്ട വാതിലുകള്‍ തുറന്നു മുറിക്കകത്തു പ്രവേശിക്കുകയായിരുന്നു.
രണ്ടു മലയാളികള്‍ താമസിക്കുന്ന മുറിയിലാണ് ഇവര്‍ ആദ്യം കയറിയത്. മുറിയില്‍ കയറി മൊബൈല്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ കൈക്കലാക്കിയ ശേഷം ലൈറ്റിട്ടു.
പെട്ടെന്ന് ഞെട്ടിയുണര്‍ന്ന മലയാളികളെ മാരക ആയുധങ്ങള്‍ കാട്ടി സംഘം മുള്‍മുനയില്‍ നിര്‍ത്തുകയും ഒരാളെ കട്ടിലിനോട് ചേര്‍ത്തു കെട്ടി വായില്‍ തുണി തിരുകുകയും ചെയ്തു. തുടര്‍ന്ന് മറ്റെയാളെ കത്തി മുനയില്‍ നിര്‍ത്തി പൂട്ടിയ നിലയില്‍ കാണപ്പെട്ട മറ്റു മുറികള്‍ തുറപ്പിക്കാനുള്ള ശ്രമം നടത്തി.
എന്നാല്‍ പൂട്ടിയ മുറി പുറത്തു നിന്നും മുട്ടിയപ്പോള്‍, അകത്തുള്ളവര്‍ ആരാണെന്നു ചോദിക്കുകയും പുറത്തു കത്തിമുനയില്‍ നിന്നിരുന്ന ആള്‍ സംശയം ജനിപ്പിക്കുന്ന രീതിയില്‍ മറുപടി നല്‍കുകയും ചെയ്തു. മറുപടിയില്‍ സംശയം തോന്നി അകത്തുണ്ടായിരുന്നവര്‍ അടുത്തുള്ള മറ്റു മുറികളിലുള്ളവരെ ഫോണിലൂടെ വിളിച്ചുണര്‍ത്തുകയായിരുന്നു. എല്ലാ റൂമുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങിയതോടെ കൈയില്‍ കിട്ടിയതുമായി കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു.
ഫ്‌ളാറ്റില്‍ കയറിയ കവര്‍ച്ചാ സംഘം കൈയിലുള്ള ആയുധങ്ങള്‍ക്ക് പുറമെ അടുക്കളയിലെ മൂര്‍ച്ചയേറിയ വലിയ കത്തിയും കൈക്കലാക്കിയിരുന്നു. റിയാദില്‍ ഈയിടെയായി ഇത്തരത്തില്‍ പല വിധത്തിലുള്ള കവര്‍ച്ചാ ശ്രമങ്ങളും അരങ്ങേറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."