ബ്രൂസെല്ലോസിസ് രോഗത്തിനെതിരേ ജാഗ്രതാ നിര്‍ദേശം
പാലക്കാട് : ബ്രൂസെല്ലോസിസ് (മാള്‍ട്ടാപനി) രോഗത്തിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനുപുറകെ മൃഗങ്ങളില്‍ രോഗബാധ കണ്ടെത്തിയ പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതോടൊപ്പം തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി വളര്‍ത്തുകേന്ദ്രത്തിലെ ഉരുക്കളില്‍ നിന്നും പാല്‍ കറന്നെടുക്കുന്നത് നിര്‍ത്തിവയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ബ്രൂസെല്ലോസിസ് രോഗം ബാധിച്ചെന്ന സംശയമുള്ള വെള്ളറട സ്വദേശിനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായ പശ്ചാത്തലത്തിലാണ് നടപടി. തിരുവിഴാംകുന്ന് ഫാമില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി രോഗബാധയേറ്റ പശുക്കളില്‍ നിന്നുള്‍പ്പടെ പാല്‍ കറന്നെടുക്കുകയും വില്‍പ്പന നടത്തുകയും ചെയ്തുവരികയായിരുന്നു. ഇക്കാര്യം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാലക്കാട് ഡി.എം.ഒ തിരുവിഴാംകുന്നിലെത്തുകയും ജീവനക്കാര്‍ക്ക് ശാരീരിക പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവരില്‍ പനിയുള്ള ചിലരുടെ രക്ത സാമ്പിളുകള്‍ മണിപ്പാലിലെ പ്രമുഖ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ റിപ്പോര്‍ട്ട് കിട്ടാന്‍ ഏതാനും ദിവസങ്ങള്‍ കൂടിവേണ്ടി വരും. മുന്‍കരുതലെന്ന നിലയില്‍ പനിയുള്ളവരെ നിരീക്ഷിക്കാനും മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാവുന്നത് തടയാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം തിരുവിഴാംകുന്ന് ഫാമിലെ രോഗബാധിതരായ ഉരുക്കളെ കൊല്ലുന്നതില്‍ എതിര്‍പ്പുമായി ചില പ്രാദേശിക ഗ്രൂപ്പുകള്‍ രംഗത്ത് വന്നത് വിഷയത്തില്‍ കൂടുതല്‍ ആശങ്ക പടര്‍ത്തുകയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടരുമെന്നതിനാല്‍ രോഗംബാധിച്ച മൃഗങ്ങളെ കൊല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
കാലികളെ ഫാമില്‍ തന്നെ
ദയാവധം നടത്താന്‍ നീക്കം
മണ്ണാര്‍ക്കാട്: കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രമായ തിരുവിഴാംകുന്ന് കന്നുകാലി ഫാമിലെ മാരക രോഗം ബാധിച്ച കന്നുകാലികളെ ഫാമില്‍ തന്നെ ദയാവധം നടത്താന്‍ തീരുമാനം. ഇന്നലെ രാവിലെ സര്‍വകലാശാല ആസ്ഥാനമായ മണ്ണുത്തിയില്‍ നടന്ന ഉന്നത തല യോഗമാണ് ഈ തിരുമാനമെടുത്തത്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് തൃശൂര്‍ മണ്ണുത്തിയിലേക്ക് ഉരുക്കളെ കൊണ്ടുപോവുന്നത് നിയമ പ്രശ്‌നങ്ങള്‍ പറഞ്ഞ് എതിര്‍ത്തതാണ് ഇതിന് കാരണം. നേരത്തെ സര്‍വകലാശാല അധികൃതര്‍ രോഗബാധയേറ്റ ഉരുക്കളെ ഘട്ടം ഘട്ടമായി മണ്ണുത്തിയില്‍ എത്തിച്ച് ദയാവധം നടത്തി പൊടിച്ച് വളമാക്കി മാറ്റാമെന്നായിരുന്നു പദ്ധതി. എന്നാല്‍ ഇതിനെതിരേ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് രംഗത്ത് വരുകയും മാരകമായ അസുഖം ബാധിച്ച ഉരുക്കളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് അപകടകരമാണെന്നും അതാത് സ്ഥലത്ത് തന്നെ അവയെ ദയാവധം നടത്തണമെന്നുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരുവിഴാംകുന്ന് ഫാമില്‍ കാലികളെ ദയാവധം നടത്തുന്നതിനെതിരേ പ്രദേശവാസികളും ഫാം തൊഴിലാളികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
എന്താണ് ബ്രൂസെല്ലോസിസ്
ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ പരത്തുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം അവയെ പരിപാലിക്കുന്ന മനുഷ്യര്‍ക്കും പിടിപെടാവുന്നതാണ്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ബ്രൂസെല്ലോസിസ് കണ്ടുവരുന്നു.
* രോഗ സംക്രമണം കന്നുകാലികളില്‍
മലീമസമാക്കപ്പെട്ട കാലിത്തീറ്റയിലൂടെയോ മറ്റു രോഗബാധിതരായുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ആണ് പശു, ആട്, എരുമ, പന്നി തുടങ്ങിവയ്ക്ക് രോഗം പിടിപെടുന്നത്. ഈര്‍പ്പം നിലനില്‍ക്കുന്ന അന്തരീക്ഷം, വൃത്തിയില്ലായ്മ, എന്നിവ രോഗം പെട്ടന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമായേക്കാം.
* രോഗ സംക്രമണം മനുഷ്യരില്‍
കന്നുകാലികളെ പരിചരിക്കുന്നവര്‍ക്കും മാംസം, പാല്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗികളായ മൃഗങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ട ചാപിള്ള, മറുപിള്ള, രക്തം, മൂത്രം എന്നിവയില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരുന്നു. രോഗികളായ കന്നുകാലികളുടെ പാല്‍, പാലുല്‍പന്നങ്ങള്‍, മാംസം എന്നിവ വേവിക്കാതെ കഴിക്കുക, കന്നുകാലികളുടെ ചാണകം വളമായുപയോഗിച്ച പച്ചക്കറികള്‍ പച്ചയ്ക്ക് കഴിയ്ക്കുന്നതും രോഗ സംക്രമണത്തിന് കാരണമാകും.
തൊഴുത്തിലേയും അറവുശാലകളിലേയും അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ നിലനില്‍ക്കുന്നതിനാല്‍ വായുവില്‍ക്കൂടിയും രോഗം മനുഷ്യരിലെത്തുന്നു.
* രോഗ ലക്ഷണങ്ങള്‍
പെട്ടന്നുണ്ടാകുന്ന വിറയലോട് കൂടിയ പനി , സന്ധി വേദന, നടുവേദന, തലവേദന, പ്ലീഹ വീക്കം എന്നിവ രോഗലക്ഷണങ്ങളാണ്. യഥാസമയം ഉചിതമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കും.
രോഗ നിയന്ത്രണം മൃഗങ്ങളില്‍ വൃത്തിയും ശുചിത്വവുമുള്ള മൃഗപരിപാലനമാണ് രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മറ്റൊരു മാര്‍ഗം. രോഗം വന്ന കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കുകയാണ് രോഗം പടര്‍ന്നുപിടിക്കുന്ന സമയത്ത് സ്വീകരിക്കാവുന്ന ഏക മാര്‍ഗം. * രോഗ നിയന്ത്രണം മനുഷ്യരില്‍
വ്യവസായാടിസ്ഥാനത്തില്‍ പാസ്ചറൈസേഷന്‍ കര്‍ശനമാക്കുക, കര്‍ഷകര്‍, മാംസ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ മൃഗങ്ങളുടെ സ്രവങ്ങള്‍ ശരീരത്തില്‍ സ്പര്‍ശിക്കാത്ത വിധം വസ്ത്രങ്ങള്‍ ധരിക്കുക മുതലായ മാര്‍ഗങ്ങളിലൂടെ രോഗ സംക്രമണം തടയാം.
* ബ്രൂസെല്ലോസിസ് വന്നാല്‍ എന്തുചെയ്യണം
രോഗനിയന്ത്രണത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ശരിയായ രോഗനിര്‍ണയം നടത്തുക എന്നുള്ളതാണ്. വിട്ടുമാറത്ത രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. രക്തപരിശോധനയിലൂടെ ഈ രോഗം സ്ഥിരീകരിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിശ്ചിത കാലയളവില്‍ ആന്റീബയോട്ടിക് കഴിച്ചാല്‍ ഈ രോഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."