രോഗിയുമായി ആനവണ്ടി തിരികെയോടി; അഞ്ചു കിലോമീറ്റര്‍!
പൊന്നാനി: കോഴിക്കോടെന്ന ബോര്‍ഡുവച്ച കെ.എസ്.ആര്‍.ടി.സി ബസ് അതിവേഗം തൃശൂര്‍ റൂട്ടിലേക്കു പായുന്നതുകണ്ട നാട്ടുകാര്‍ ആദ്യം അമ്പരന്നു, സംഭവമറിഞ്ഞപ്പോള്‍ ബസിലെ ജീവനക്കാര്‍ക്കു മനസുകൊണ്ടു സല്യൂട്ടടിച്ചു. സ്വീകരണവുമൊരുക്കി. ഇന്നലെ ദേശീയപാതയിലാണ് ബസ് ജീവനക്കാരുടെ കാരുണ്യത്തിനു മുന്നില്‍ നാട്ടുകാര്‍ ഒന്നടങ്കം അഭിനന്ദനവുമായെത്തിയത്.
പാലയില്‍നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് കണ്ടനകത്തെത്തിയപ്പോഴാണ് സംഭവം. ബസിലുണ്ടായിരുന്ന നീലേശ്വരം സ്വ ദേശി ഹരിദാസന്(77) ബി.പി കൂടി തളരുകയായിരുന്നു. യാത്രക്കാര്‍ നിസഹായരായതോടെ അവരെ കാര്യങ്ങള്‍ ബോധിപ്പിച്ചശേഷം കണ്ടക്ടര്‍ പി.ടി രാജേഷ് ബസ് റിവേഴ്‌സെടുക്കാന്‍ നിര്‍ദേശിച്ചു. നേരെ ആശുപത്രിയിലേക്ക്.
കോഴിക്കോട് എന്ന ബോര്‍ഡുവച്ച് അതിവേഗം തൃശൂര്‍ക്കു പോകുന്ന ബസിനെ വഴിയിലുള്ളവര്‍ അദ്ഭുതത്തോടെ നോക്കി. ബസ് എടപ്പാളിലെത്തിയപ്പോള്‍ റോഡില്‍ റെഡ് സിഗ്നല്‍, ബസ് ഡ്രൈവര്‍ എസ്. സാബു അല്‍പസമയത്തേക്ക് ആംബുലന്‍സ് ഡ്രൈവറായി. ഹെഡ്‌ലൈറ്റിട്ട ആനവണ്ടി ഹോണ്‍ മുഴക്കിയെത്തിയതോടെ മറ്റു വാഹനങ്ങള്‍ ഒതുക്കിക്കൊടുത്തു.
ബസ് എടപ്പാളിലെ ശുകപുരം ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയതോടെ കണ്ടക്ടര്‍ ആശുപത്രിയിലേക്ക് ഇറങ്ങിയോടി. ഉടന്‍ സ്‌ട്രെക്ചറുമായി ജീവനക്കാരെത്തി. ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും സഹായത്തിനെത്തി. ഒടുവില്‍ അത്യാവശ്യത്തിനുള്ള പണം സ്വന്തം പഴ്‌സില്‍നിന്ന് എടുത്തു കണ്ടക്ടര്‍ രോഗിയോടൊപ്പമുള്ളയാളെ ഏല്‍പിച്ചു, എന്നാല്‍ അദ്ദേഹമതു നിരസിച്ചു. ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. വേഗത്തില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനായെന്നു ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."