പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; രക്ഷിതാക്കളെ വലച്ച് സോഫ്റ്റ് വെയര്‍
എടക്കര: പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയംനീട്ടിയെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളുടെ പേരില്ലെന്ന പരാതിക്കു പരിഹാരം കാണാന്‍ സാധിക്കാതെ കുഴയുകയാണു വിദ്യാര്‍ഥികളും രക്ഷിതാക്കളും. എടക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലേമാട് വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളുടെ പേരാണ് ഇല്ലാത്തത്.
എടക്കര ഗവ.ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നുമുതല്‍ പത്തു വരെയും പാലേമാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു മുതല്‍ 10 വരെയും വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കുന്നതിനു തടസം നേരിടുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 30നു തീരാനിരിക്കെയാണു വിദ്യാര്‍ഥികളെ സോഫ്റ്റ്‌വെയര്‍ കുഴക്കിയത്.
പൂരിപ്പിച്ച അപേക്ഷകള്‍ രക്ഷിതാക്കള്‍ നേരിട്ടാണ് അക്ഷയ സെന്ററുകളില്‍ എത്തി നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നതും സൂക്ഷ്മപരിശോധന നടത്തിയിരുന്നതും അതാതു സ്‌കൂള്‍ അധികൃതര്‍ തന്നെയായിരുന്നു. ഇതു പ്രകാരം കഴിഞ്ഞ വര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് തുക ബാങ്ക് വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ മുതല്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും അഫിഡവിറ്റുകളും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തി സ്‌കൂള്‍ അധികൃതരുടെ സൂക്ഷ്മപരിശോധനക്കു നല്‍കി രക്ഷിതാക്കള്‍ തന്നെ നേരിട്ട് അക്ഷയ കേന്ദ്രം മുഖേന അപ്‌ലോഡ് ചെയ്യണ്ണമന്നാണ് ഇപ്പോഴുള്ള നിര്‍ദ്ദേശം.
കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത സൈറ്റ് വഴിയാണ് ഇത്തവണ ഇന്ത്യയില്‍ എല്ലായിടത്തും നിന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയില്‍ തിരുത്തലുകള്‍ നല്‍കണമെങ്കില്‍ ദേശീയ വിവര സാങ്കേതിക ആസ്ഥാനവുമായി ബന്ധപ്പെടണം. ഇത് ഏറെ ശ്രമകരമാണ്. ഫലത്തില്‍ ഇതുമൂലം സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ആപേക്ഷിക്കാന്‍ സാധിക്കാതെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."