കാനനമേട്ടിലെ മനുഷ്യ കൈയേറ്റങ്ങളുടെ നേര്‍ച്ചിത്രമായി എന്‍.പി ജയന്റെ ഫോട്ടോ പ്രദര്‍ശനം
കോഴിക്കോട്: കണ്‍കുളിര്‍പ്പിക്കുന്ന കാനനക്കാഴ്ചകള്‍ കണ്ടു തിരിയുമ്പോള്‍ കാണാം, കാട്ടില്‍ മനുഷ്യന്‍ നടത്തിയ കൈയേറ്റങ്ങള്‍. പ്രകൃതിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അപ്പോള്‍ ഒന്നു കണ്ണടയ്ക്കാന്‍ തോന്നും. അത്രയ്ക്കുണ്ടു പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കടന്നുകയറ്റമെന്ന് ഓര്‍മിപ്പിക്കുകയാണ് ഫോട്ടോ ജേണലിസ്റ്റ് എന്‍.പി ജയന്റെ ഫോട്ടോ പ്രദര്‍ശനം.
പെരിയാറിന്റെ കാനനഭംഗിയും പമ്പാ നദിയിലെ പാരിസ്ഥിതിക മലിനീകരണവും പാരമ്യതയില്‍ കാണിക്കുന്നതാണ് ജയന്റെ ഫോട്ടോകള്‍. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി പകര്‍ത്തിയ പുല്‍മേടുകളും മലകളും പൂക്കളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. പെരിയാറിന്റെ കണ്ടു പരിചയമില്ലാത്ത ദൃശ്യങ്ങള്‍, മാലിന്യംനിറഞ്ഞ പമ്പയും, പ്ലാസ്റ്റിക് കൂമ്പാരങ്ങളും തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും, മെര്‍ക്കുറി കുത്തിവച്ചു മരങ്ങള്‍ ഉണക്കുന്നത്, പ്ലാസ്റ്റിക് തിന്നു ചരിഞ്ഞ ആന, വിഷപ്പുക തിന്നു വാടിയ മരങ്ങള്‍ അങ്ങനെ നീണ്ടുപോകുന്നു ജയന്റെ കാമറയില്‍ പതിഞ്ഞ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍.
തീര്‍ഥാടകരുടെ അലക്ഷ്യമായ ഇടപെടല്‍ കാരണം മാലിന്യഭീഷണി നേരിടുന്ന ശബരിമലയുടെ നേര്‍സാക്ഷ്യം മൂന്നുവര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ജയന്റെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. ശബരിമലയെ അതിന്റെ സ്വാഭാവിക പ്രകൃതിരമണീയതയില്‍ നിലനിര്‍ത്താനുള്ള ബാധ്യത ഭക്തരെയും ഭരണകൂടത്തെയും ഒരുപോലെ ഓര്‍മിപ്പിക്കുകയാണ് ജയന്റെ ചിത്രങ്ങള്‍. തീര്‍ഥാടകര്‍ പ്രകൃതിയില്‍ സൃഷ്ടിക്കുന്ന മുറിവുകളുടെയും മനംമയക്കുന്ന കാനനഭംഗിയുടെയും 7,000ത്തോളം ചിത്രങ്ങളാണ് ജയന്റെ കൈവശമുള്ളത്. ഇതില്‍ 30 ചിത്രങ്ങളാണ് ആര്‍ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
വയനാട് സ്വദേശിയായ എന്‍.പി ജയന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്, മാധ്യമം, മാതൃഭൂമി പത്രങ്ങളില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം 26 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."