പാടം നികത്തി റോഡ് നിര്‍മാണം പ്രാഥമികാന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവ്
തൃശൂര്‍: പാടശേഖരത്തിനു നടുവിലൂടെ അനധികൃതമായി നിലം നികത്തി റോഡ് നിര്‍മാണത്തിനു അനുമതി നല്‍കി എന്ന പരാതിയില്‍ പ്രാഥമികാന്വേഷണത്തിനു തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള സംസ്ഥാനതല സമിതി അംഗങ്ങളായ കാര്‍ഷികോല്‍പാദന കമ്മിഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സുബ്രതാ ബിശ്വാസ്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എം.സി മോഹന്‍ദാസ്, ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍.ബി.ഉമ്മന്‍, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ പി.വി ബാലചന്ദ്രന്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയ്.പി.ബാല്‍, പ്രാദേശികതല നിരീക്ഷണ സമിതി അംഗങ്ങളായ പാഞ്ഞാള്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിന്ദു സുരേഷ്, കൃഷി ഓഫിസര്‍ കെ.വൃന്ദ, വില്ലേജ് ഓഫിസര്‍ പി.വി പ്രദീപ്, എന്‍.എസ് ജെയിംസ്, രാമദാസ് കാറാത്ത്, സി.പി ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. അഡ്വ. എം.സി ആഷി മുഖേന ചെറുതുരുത്തി സ്വദേശി കെ.കെ ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് വിജിലന്‍സ് ജഡ്ജി സി.ജയചന്ദ്രന്റെ ഉത്തരവ്.
വലിയ പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ റോഡ് നിര്‍മിക്കുകയും വശങ്ങള്‍ കുറേശെയായി നികത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പാഞ്ഞാള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി എന്ന വ്യാജേന പാഞ്ഞാള്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപത്തായാണ് നിലം നികത്തി റോഡ് നിര്‍മാണം ആരംഭിച്ചത്.
പരാതിയെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും പിന്നീട് തുടരുകയായിരുന്നു. നിലം നികത്താന്‍ സംസ്ഥാനതല സമിതി 2014 ജൂലൈ എട്ടിന് അനുമതി നിഷേധിച്ചതുമാണ്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് നല്‍കിയ വ്യാജ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2015 ഓഗസ്റ്റ് 18ന് അനുമതി നല്‍കുകയായിരുന്നു.
അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവകുപ്പ് എതിര്‍ത്തെങ്കിലും അതിനെ മറികടന്നാണ് വീണ്ടും സംസ്ഥാനതല സമിതി അനുമതി നല്‍കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ നല്‍കിയ റിവിഷന്‍ ഹരജിയും കാരണം കൂടാതെ തള്ളി. അനുമതി നല്‍കേണ്ടതില്ലെന്ന സംസ്ഥാനതല സമിതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് അതിനെതിരായി അനുമതി നല്‍കിയതെന്നു കോടതി കണ്ടെത്തി.
കേസിലെ പ്രതികള്‍ ഉന്നത ഉദ്യോഗസ്ഥരായതിനാല്‍ വിജിലന്‍സ് കമ്മിഷണര്‍ നേരിട്ടോ അല്ലെങ്കില്‍ തുല്യമായ സ്ഥാനത്തുള്ള ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരോ വേണം അന്വേഷണം നടത്തേണ്ടതെന്നും ഈ മാസം 30 മുമ്പായി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."