ഒളിച്ചുകളി കാര്യമായി; ആറുവയസുകാരി നാടിനെ മണിക്കൂറുകള്‍ മുള്‍മുനയിലാക്കി
കാഞ്ഞങ്ങാട്: അയല്‍പക്കത്തെ വീട്ടിലെ ബെഞ്ചിന്റെ അടിയില്‍ കിടന്നുറങ്ങിയ വിദ്യാര്‍ഥിനിയെ തേടി നാടു പരക്കം പാഞ്ഞതു മണിക്കൂറുകള്‍. നാടു മുഴുവന്‍ തിരഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ തട്ടിക്കൊണ്ടു പോയതാണെന്ന അഭ്യൂഹവും പരന്നു. ഇതോടെ വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഭ്രാന്തി വര്‍ധിച്ചു.
അജാനൂര്‍ വേലാശ്വരത്താണു കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ നാടകീയ സംഭവങ്ങള്‍ നടന്നത്. പ്രദേശത്തെ സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയായ ആറു വയസുകാരിയാണു വീട്ടുകാരേയും പ്രദേശവാസികളേയും മുള്‍മുനയിലാക്കിയത്.
സഹോദരിയുമായി ചേര്‍ന്നു നടത്തിയ ഒളിച്ചുകളിക്കിടയില്‍ ഒളിക്കാന്‍ പോയതായിരുന്നു കുട്ടി. എന്നാല്‍ താന്‍ ഒളിച്ചു കിടന്നത് ഇത്ര സീരിയസാകുമെന്ന് ആറു വയസുകാരി ഓര്‍ത്തു കാണില്ല.
സമയം ഏറെയായിട്ടും അനുജത്തി വീട്ടിലെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ഓടിപ്പോയതായി സഹോദരി വീട്ടുകാരോടു പറയുകയായിരുന്നു.
ഇതോടെയാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ വിവരം പ്രദേശവാസികള്‍ അറിയുകയും സാമൂഹ്യമാധ്യമങ്ങളില്‍ വിവരം പ്രചരിക്കുകയും ചെയ്തു. ഇതോടെ നൂറോളം വരുന്ന ആളുകള്‍ കുട്ടിയെ തേടി പലഭാഗങ്ങളിലും അലഞ്ഞു. പ്രദേശത്തു കൂടുതല്‍ വെള്ളക്കെട്ടുകള്‍ ഉള്ളതിനാല്‍ കുട്ടി അപകടത്തില്‍ പെട്ടതായും സംശയമുണര്‍ന്നു. തുടര്‍ന്ന് വിവരം അഗ്‌നിരക്ഷാസേനയെയും അറിയിച്ചു.
അതിനിടെ പ്രദേശത്ത് ഒരു അപരിചിത കാര്‍ വന്നതായി പ്രചാരണമുണ്ടായി. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതായുള്ള സംശയവും ഉയര്‍ന്നത്.
പ്രദേശവാസികളും കുട്ടിയുടെ ബന്ധുക്കളും പ്രദേശത്തെ വീടുകളും വീടുകളുടെ ടെറസുകളും പത്തായപ്പുരയും ഉള്‍പ്പെടെ തപ്പിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.
അങ്കലാപ്പിനൊടുവില്‍ രാത്രി എട്ടോടെയാണ് അയല്‍പക്കത്തെ വീട്ടിലെ ബെഞ്ചിന്റെ അടിയില്‍ സുഖമായി കിടന്നുറങ്ങുന്ന നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."