ആധുനിക കാലഘട്ടത്തിന് യോജിച്ച മാറ്റം വിദ്യാഭ്യാസത്തിന് അനിവാര്യം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം
കോട്ടയം : ആധുനിക കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുന്ന സാങ്കേതിക വിദ്യയ്ക്കൊപ്പം മാനവികതയ്ക്കും ധാര്‍മ്മികതയ്ക്കും പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്തിന്റെ അനിവാര്യതയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
എന്നാല്‍ സൗകര്യം വര്‍ദ്ധിക്കുന്നതനുസരിച്ച് പൗരന് എന്ന നിലയിലുള്ള ഉത്തരവാദിത്തം വിസ്മരിക്കരുത്. കോട്ടയം സിഎംഎസ് കോളേജ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ 200 ാം ജൂബിലി വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം കുട്ടികളുടെ ശരിയായ വിദ്യാഭ്യാസമാണ്.
മനുഷ്യന് എന്ന നിര്‍മ്മിതി ഈ അര്‍ത്ഥത്തില്‍ അധ്യാപകരുടെ കൈകളിലാണ്. പ്രതിസന്ധികളെ ധൈര്യത്തോടും ആത്മവിശ്വാസത്തോടും അഭിമുഖീകരിക്കാനുള്ള കഴിവ് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കും. വിദ്യാഭ്യാസം സാന്മാര്ഗികവും ആത്മീയവുമായ പരിശീലനമാണ് എന്ന മഹാത്മജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
സി.എസ്.ഐ ചര്‍ച്ച് ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ അധ്യക്ഷനായിരുന്നു. സ്കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ സ്കൂളിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന ,സ്കൂള്‍ പ്രിന്‍സിപ്പല്‍ മോന്സണ് പി. മാത്യു, ഹെഡ്മിസ്ട്രസ് സുജ റെജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ കറസ്പോണ്ടന്റ് ഫാ. വര്‍ഗീസ് ഫിലിപ്പ് ഗവര്‍ണര്‍ക്ക് സ്കൂളിന്റെ പേരിലുള്ള ഉപഹാരം കൈമാറി. നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."