കേരളത്തിലെ സംഘടനാസംവിധാനം ഉടച്ചുവാര്‍ക്കാനായി ബി.ജെ.പി
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിലവിലുള്ള സംഘടനാരീതി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കുന്നില്ലെന്ന തിരിച്ചറിവില്‍ കേരളത്തില്‍ സംഘടനാതലം ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രനേതൃത്വത്തിന്റെ നീക്കം. ദേശീയ കൗണ്‍സിലിന്റെ ഭാഗമായി ഇന്നലെ തുടങ്ങിയ ദേശീയ ഭാരവാഹികളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു.
സംഘടനാരംഗത്ത് കാതലായ മാറ്റം വേണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. പാര്‍ട്ടിഘടകങ്ങളുടെ പ്രവര്‍ത്തനം ആര്‍.എസ്.എസിന്റെ മാതൃകയില്‍ ആക്കുന്നത് ഗുണം ചെയ്യുമെന്നും കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നു.
താഴെത്തട്ടുമുതല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി പാര്‍ട്ടിയെ വളര്‍ത്തുന്നതിനൊപ്പം അച്ചടക്കം നടപ്പാക്കണമെന്നും ദേശീയനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലെ പ്രധാന ജില്ലകളില്‍ നഗരം, ഗ്രാമം എന്നിങ്ങനെ രണ്ടു ജില്ലാകമ്മിറ്റികള്‍ രൂപീകരിക്കും. പരീക്ഷണം എന്ന നിലയിലാണിത്. രണ്ടു പതിറ്റാണ്ടു മുന്‍പ് പാര്‍ട്ടിയില്‍ നിലനിന്നിരുന്ന സംഘടനാസംവിധാനമാണ് തിരിച്ചുവരുന്നത്. പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കണ്ടാണ് നേരത്തെയുണ്ടായിരുന്ന നഗര, ഗ്രാമ ജില്ലാ കമ്മിറ്റികള്‍ ഒഴിവാക്കി ഒറ്റ ജില്ലാ കമ്മിറ്റിയാക്കിയിരുന്നത്. എന്നാല്‍ ഇതേരീതിയില്‍ തന്നെ ജില്ലാകമ്മിറ്റികള്‍ വേണമെന്നാണ് പുതിയ നിര്‍ദേശം.
പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുന്നതോടെ കൂടുതല്‍ പേരെ ഭാരവാഹികളാക്കാന്‍ പറ്റും. സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരന്‍ നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉണ്ടായ ശുദ്ധീകരണ പ്രക്രിയയില്‍ സ്ഥാനം തെറിച്ചവരെ തിരിച്ചുകൊണ്ടുവരാനും ഇതിലൂടെ കഴിയും. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ഇനി നടക്കാനിരിക്കുന്നതേയുള്ളു. ജില്ലാ പ്രസിഡന്റുമാരുടെ പ്രവര്‍ത്തനം കാര്യക്ഷമമായി വിലയിരുത്താനും സംവിധാനം ഒരുക്കും. പ്രവര്‍ത്തനം നോക്കി മാത്രമേ ഭാരവാഹികളെ നിലനിര്‍ത്തുകയുള്ളു.
കേരളത്തില്‍ പാര്‍ട്ടിക്കകത്തെ സംഘടനാപ്രശ്‌നങ്ങള്‍ നേരത്തെ മനസിലാക്കിയതിലും രൂക്ഷമാണെന്ന് അമിത്ഷായ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിഭാഗീയത ശക്തമായതിനെ തുടര്‍ന്നാണ് കേരളഘടകത്തിന്റ മേല്‍നോട്ടം അമിത് ഷാ നേരിട്ട് ഏറ്റെടുത്തത്. കുമ്മനം രാജേശേഖരന്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നും ആര്‍.എസ്.എസ് പറയുന്നത് മാത്രം മുഖവിലക്കെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ രംഗത്തുവന്നതോടെയാണ് കേരളഘടകത്തില്‍ വിഭാഗീയത മറനീക്കിയത്.
പാര്‍ട്ടിയിലെ വിഭാഗീയത നിയന്ത്രിക്കുന്നതിനാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായ കുമ്മനം രാജശേഖരനെ കൊണ്ടുവന്നത്. എന്നാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തമാകുന്നു എന്നാണ് വിലയിരുത്തല്‍. ആര്‍.എസ്.എസ് നോമിനിയായ കുമ്മനത്തില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് മിതവാദികളായ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടി നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ നേതാക്കള്‍ ഉള്‍പ്പെടെ വീഴ്ചവരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിയമസഭയില്‍ മത്സരിച്ചവര്‍ ബന്ധപ്പെട്ട മണ്ഡലങ്ങളില്‍ സജീവമാകണമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനുള്ള സാഹചര്യം ഉണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്. പാലക്കാട് മത്സരിച്ച ശോഭാ സുരേന്ദ്രന് ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. വി. മുരളീധരന്‍ പക്ഷത്തിന്റെ എതിര്‍പ്പാണ് കാരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രന് പാര്‍ട്ടി ജില്ലാഘടകത്തിന്റെ സഹായം കിട്ടിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
സംഘടനയിലെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുകൂടിയാണ് ഈ നീക്കം. ഹിന്ദുത്വ അജണ്ടയുടെ പേരില്‍ പൊതുസമൂഹം പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന കാര്യം തിരിച്ചറിയുമ്പോഴും പരമാവധി ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് നേതൃത്വം നിര്‍ദേശിക്കുന്നത്.
ഇതിനായി മണ്ഡലങ്ങള്‍തോറും പ്രത്യേക സമിതികള്‍ ഉണ്ടാക്കും. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ ഇപ്പോഴും ബി.ജെ.പിക്ക് കഴിയുന്നില്ല. ഹിന്ദു സമൂഹത്തിലെ ഭൂരിഭാഗവും പാര്‍ട്ടിയോട് അയിത്തം കല്‍പ്പിക്കുന്നതാണ് കേരളത്തില്‍ പാര്‍ട്ടി നേരിടുന്ന വെല്ലുവിളി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എളുപ്പം ഫലപ്രദമാകുന്ന ഹിന്ദുത്വവാദം കേരള സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ദോഷമേ ചെയ്തിട്ടുള്ളൂവെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."